(PTI Photo)

ഒരു വർഷത്തെ ഇടവേളക്ക്​ ശേഷം അസമിൽ വീണ്ടും സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾ

ഗുവാഹട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ അസമിൽ വീണ്ടും ശക്തിയാർജിക്കുന്നു. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് സി.എ.എക്കെതിരെയുള്ള പ്രക്ഷോഭം പുനരാരംഭിക്കുന്നത്​.​ സംസ്ഥാനത്ത്​ നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കാൻ ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കെ വെള്ളിയാഴ്​ച്ച തുടങ്ങിയ രണ്ടാം ഘട്ട പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ 
പതിനെട്ടോളം സംഘടനകളാണുള്ളത്​.

അഫ്ഗാനിസ്‌താൻ പാകിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ന്യുനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ കേന്ദ്രം നടപ്പിലാക്കാൻ ഒരുങ്ങുന്ന ഭരണഘടന ഭേദഗതിക്കെതിരെ കഴിഞ്ഞ വർഷം അസമിൽ നടന്ന പ്രതിഷേധം രൂക്ഷമാവുകയും, പോലീസ് വെടിവെപ്പിൽ അഞ്ചോളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ മൂന്ന് രാജ്യങ്ങളിലെയും ഹിന്ദു, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സിഖ് വിഭാഗങ്ങളിൽപ്പെട്ടവരിൽ പീഡനമനുഭവിക്കുന്നവർക്ക് ഇന്ത്യയിൽ പൗരത്വം നൽകാൻ ലക്ഷ്യം വെക്കുന്നതായിരുന്നു ബി.ജെ.പി സർക്കാർ മുന്നോട്ട് വെച്ച ഭരണഘടന ഭേദഗതി. ഗവൺമെന്റിന്റെ ഈ നടപടി ബംഗ്ലാദേശിൽ നിന്ന് അസമിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റത്തിന് സാധുത ഒരുക്കുമെന്നും, ഇത് അസമിലെ തദ്ദേശീയ വിഭാഗങ്ങൾക്ക് മുറിവേൽപ്പിക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.

കോവിഡിന്റെ സാഹചര്യത്തിൽ താത്കാലിക വിരാമം വീണ പ്രതിഷേധങ്ങളാണ് അസമിൽ പുനരാരംഭിക്കുന്നത്. പതിനെട്ടോളം സംഘടനകളാണ് രണ്ടാം ഘട്ട പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ളത്. കഴിഞ്ഞ വർഷം ഡിസംബർ പതിനൊന്നിനായിരുന്നു പൗരത്വ ഭേദഗതി ബിൽ രാജ്യ സഭയിൽ പാസ്സായത്. ഇതിനോടുള്ള പ്രതിഷേധ സൂചകമായി ഇന്നലെ നോർത്ത് ഈസ്റ്റ് സ്റ്റുഡന്റസ് ഓർഗനൈസേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകളുടെ കൂടി പങ്കാളിത്വത്തോടെ കരിദിനം ആചരിച്ചു. ഓൾ അസം സ്റ്റുഡന്റസ് യൂണിയനു കീഴിൽ ബഹുജനറാലിയോടെയാണ് വെള്ളിയാഴ്ച പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചത്.

കഴിഞ്ഞ വർഷത്തെ പ്രക്ഷോഭത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട കൃഷക് മുക്തി സംഗ്രാം സമിതി നേതാവ് അഖിൽ ഗോഗോയ് ഇപ്പോഴും ജയിലിൽ തുടരുകയാണ്. അന്നത്തെ പ്രക്ഷോഭം രൂക്ഷമായതോടെ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും തുടർന്ന് പത്തോളം ദിവസം സംസ്ഥാനത്ത് ഇന്റർനെറ്റ് സംവിധാനം എടുത്തുകളയുകയും ചെയ്തിരുന്നു. അടുത്ത വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിലായി അസമിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സി.എ.എ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകളുടെ കീഴിലുള്ള രാഷ്ട്രീയ പാർട്ടികളും ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.