1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നെന്ന ബോളിവുഡ് താരം കങ്കണ റണാവത്തിന്‍റെ പരാമർശനത്തിനെതിരെ 91കാരിയായ സ്വാതന്ത്ര്യസമര സേനാനി ലീലാഭായ് ചിറ്റാലെ. രൂക്ഷവിമർശനമാണ് കങ്കണക്കെതിരെ ലീലാഭായ് നടത്തിയിരിക്കുന്നത്. കങ്കണയുടെ പരാമർശം രാജ്യദ്രോഹമാണെന്നും തന്നെ പോലുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു.
ഈ പരാമർശത്തിന്‍റെ പേരിൽ കങ്കണ ജയിലിൽ പോകണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, നിയമനടപടി നേരിട്ടേ മതിയാകൂയെന്നും അവർ ചൂണ്ടിക്കാട്ടി. 'ഇത് രാജ്യദ്രോഹമാണെന്ന് പറയാൻ പ്രധാനമന്ത്രി തയ്യാറാകണം. കങ്കണയ്ക്ക് നേർവഴി ഉപദേശിക്കുകയും വേണം'- ഒരു ദേശീയ മാധ്യമത്തിന് നൽകിയ വീഡിയോ അഭിമുഖത്തിൽ ലീലാഭായ് ആവശ്യപ്പെട്ടു.
'കങ്കണ റണാവത് എന്നു പേരുള്ള ഒരു സ്ത്രീ 1947ൽ രാജ്യത്തിന് ലഭിച്ചത് സ്വാതന്ത്ര്യമല്ലെന്നും ഭിക്ഷയാണെന്നും പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ആ സ്ത്രീക്ക് പ്രസിഡൻഷ്യൽ മെഡൽ ലഭിച്ചിട്ടുണ്ട് എന്നത് എന്നെ ഏറെ നിരാശപ്പെടുത്തുന്നു. കാരണം, പന്ത്രണ്ടാം വയസ്സിൽ ജയിലിൽ കിടന്ന വ്യക്തിയാണ് ഞാൻ. ഗാന്ധിജിയുടെ നിർദേശപ്രകാരം ഇംഗ്ലീഷ് വിദ്യാഭ്യാസം ബഹിഷ്കരിച്ചതിന്‍റെ പേരിലായിരുന്നു അത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അകോലയിലെ സീതാഭായ് ആർട്സ് കോളേജിലെത്തുകയും ഗേറ്റിനരികിൽ നിന്ന് വിദ്യാർഥികളോട് 'ഡൂ ഓർ ഡൈ' എന്നുറക്കെ മുദ്രാവാക്യം വിളിക്കാൻ ബാപുജി പറഞ്ഞിട്ടുണ്ടെന്ന് പറയുകയും അവർക്കത് വിളിച്ചുകൊടുക്കുകയും ചെയ്തു. ഇതിന്‍റെ പേരിൽ ബ്രിട്ടീഷുകാർ ഞങ്ങളെ അറസ്റ്റ് ചെയ്തു. പതിനഞ്ചു വയസ്സിനു താഴെയുള്ളവരെ ജയിലിലടക്കരുതെന്ന ബ്രിട്ടീഷ് നിയമത്തെ തുടർന്ന് വൈകുന്നേരം വരെ ഞങ്ങളെ പൊലീസ് സ്റ്റേഷനിൽ നിർത്തി തിരികെ വിടുകയായിരുന്നു. നിർധനരാണെങ്കിൽ പോലും ലക്ഷക്കണക്കിനാളുകൾ ഇങ്ങനെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായിട്ടുണ്ട്. കങ്കണയുടെ ഇത്തരം പരാമർശങ്ങൾ അവരുടെയെല്ലാം വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്' -ലീലാഭായ് പറഞ്ഞു.
'രാജ്യത്തിനുവേണ്ടി സ്വയം ത്യജിക്കാൻ തയ്യാറായി ജാതിമതനിറ ഭേദമന്യേ ജനങ്ങൾ മുന്നോട്ടു വരുന്നതു നേരിൽ കാണുകയും അത് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലെ ഏക ആശ്രയമായിരുന്ന സഹോദരനെ മൂന്നര വർഷത്തോളം ജയിലിൽ അടച്ച കാലത്ത് ഒരു മുസ്ലിം കുടുംബമാണ് ഞങ്ങളെ സംരക്ഷിച്ചത്. കങ്കണയുടെ പരാമർശത്തെ അപലപിക്കുന്നു. ഇത് രാജ്യദ്രോഹമാണ്. ഇത്തരമൊരു പരാമർശം കേൾക്കുന്ന വരുംതലമുറ നമ്മളെക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുക? രാജ്യത്തിന്‍റെ ഭാവി എന്തായിരിക്കും? സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കോടിക്കണക്കിന് ആളുകൾ ഭിക്ഷക്കാരായിരുന്നെന്നാണോ? അഹിംസ മാർഗത്തിലൂടെ സ്വാതന്ത്ര്യം നേടിയത് ഭിക്ഷയല്ല, മറിച്ച് അസാധാരണമായ പരീക്ഷണമായിരുന്നു'-ലീലാഭായ് പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 75-ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് കങ്കണ വിവാദ പ്രസ്താവന നടത്തിയത്. '1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ലാണ്'- എന്നായിരുന്നു കങ്കണയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.