രാഹുൽ ഗാന്ധിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്: ഡെറാഡൂൺ സ്വദേശിനിക്ക് നഷ്ടമായത് 25 ലക്ഷം രൂപ

ഡെറാഡൂൺ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് (പി.എ) ചമഞ്ഞ് ഉത്തരാഖണ്ഡ് സ്വദേശിനിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഡെറാഡൂൺ നിവാസിയായ ഭാവന പാണ്ഡെയാണ് തട്ടിപ്പിനിരയായത്. ഭാവനയെ കനിഷ്ക എന്ന പേരിൽ ഒരു യുവതി ഫോണിൽ ബന്ധപ്പെടുകയും താൻ രാഹുൽ ഗാന്ധിയുടെ പി.എ ആണെന്ന് അവകാശപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നാലെ മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, എം.എൽ.എ യശ്പാൽ ആര്യ, മുൻ മന്ത്രി ഹരക് സിംഗ് റാവത്ത്, ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ശബ്ദം അനുകരിച്ചുള്ള ഓഡിയോ ക്ലിപ്പുകൾ കേൾപ്പിച്ച് പ്രതി ഭാവനയുടെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. കോൺഗ്രസ് നേതാക്കളും എം.എൽ.എമാരും ഡെറാഡൂണിലെ ഒരു ഹോട്ടലിൽ തങ്ങുന്നുണ്ടെന്നും മണ്ഡലങ്ങളിൽ സർവേ നടത്തുന്നതിനായി പണം ആവശ്യമാണെന്നും ഭാവനയെ വിശ്വസിപ്പിച്ചു. പണം പിന്നീട് തിരികെ നൽകാമെന്ന ഉറപ്പിൽ തെരെഞ്ഞെടുപ്പ് ടിക്കറ്റ് വാഗ്ദാനം ചെയ്താണ് തുക കൈപ്പറ്റിയത്.

ഏപ്രിൽ 13ന് ഭാവന തന്റെ ബാങ്ക് അക്കൗണ്ട് വഴി 9.5 ലക്ഷം രൂപ ആദ്യ ഗഡുവായി നൽകുകയായിരുന്നു. പിന്നീട് 5 ലക്ഷം രൂപ നേരിട്ട് കൈമാറുകയും ബാക്കി തുക ഗഡുക്കളായി നൽകുകയും ചെയ്തു. മഹാരാഷ്ട്രയിൽ നിന്നുള്ള എം.എൽ.എ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു സഹായിക്കാണ് പണം കൈമാറിയത്. തട്ടിപ്പിൽ 25 ലക്ഷം രൂപയോളം ഭാവനയ്ക്ക് നഷ്ടമായി. പണം തിരികെ ചോദിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയ പ്രതികൾ പിന്നീട് ബന്ധപ്പെടാൻ കഴിയാത്ത വിധം അപ്രത്യക്ഷരാവുകയായിരുന്നു. താൻ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ ഭാവന പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ബി.എന്‍.എസിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Fraud by Posing as Rahul Gandhi's PA: Dehradun Native Loses ₹25 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.