ന്യൂഡൽഹി: പൗരന്മാരുടെ സ്വകാര്യത സംബന്ധിച്ച കാര്യത്തിൽ കേന്ദ്ര സർക്കാറിന് നിലപാട് മാറ്റം. സുപ്രീംകോടതിയിൽ ഇതുവരെ വാദിച്ചതിന് വിരുദ്ധമായി കരണംമറിഞ്ഞ സർക്കാർ, ഭരണഘടനപ്രകാരം സ്വകാര്യത മൗലികാവകാശമാണെന്ന് വ്യക്തമാക്കി. സ്വകാര്യത പൗരന്മാരുെട മൗലികാവകാശമല്ലെന്ന് വാദിച്ചിരുന്ന അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽതന്നെയാണ് ആധാർ േകസിലെ ഒമ്പതംഗ ഭരണഘടനബെഞ്ചിന് മുന്നിൽ അപ്രതീക്ഷിതമായി നിലപാട് മാറ്റിയത്. സ്വകാര്യത മൗലികാവകാശമാണെങ്കിലും പരമമല്ലെന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുവേണ്ടി കപിൽ സിബൽ വാദമുയർത്തിയതിന് പിറകെയാണ് കേന്ദ്രത്തിെൻറ നിലപാട് മാറ്റം.
സ്വകാര്യത മൗലികാവകാശമാണെന്നും എന്നാൽ, സ്വകാര്യതയുടെ എല്ലാ വശങ്ങളും മൗലികാവകാശ പരിധിയിൽ വരില്ലെന്നും ഒാരോ കേസിനെയും ആശ്രയിച്ചാണിതെന്നുമല്ലേ കേന്ദ്ര സർക്കാർ ഇപ്പോൾ വാദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ വ്യക്തത വരുത്തിയപ്പോൾ അറ്റോണി ജനറൽ അംഗീകരിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന് കേന്ദ്ര സർക്കാർ അംഗീകരിച്ചാൽപിന്നെ ഇൗ കേസ് അവസാനിപ്പിക്കാമെന്ന് വാദം കേൾക്കലിനിടയിൽ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കേന്ദ്രസർക്കാർ നേരത്തെ വാദിച്ചതെന്ന് വേണുഗോപാലിനെ ചീഫ് ജസ്റ്റിസ് ഒാർമിപ്പിച്ചു. ‘സുപ്രീംകോടതിയുടെ ആറും എട്ടും അംഗങ്ങളുള്ള ബെഞ്ചുകൾ നേരത്തെ പുറപ്പെടുവിച്ച വിധികൾ ഉദ്ധരിച്ച്, മൗലികാവകാശമല്ലെന്ന് വാദിക്കുകയായിരുന്നു താങ്കൾ ഇതുവരെ. അതുകൊണ്ടാണ് അഞ്ചംഗ ബെഞ്ചിൽനിന്ന് ഇൗ കേസ് ഒമ്പതംഗ ബെഞ്ചിലേക്ക് മാറ്റാൻ താങ്കൾ ആവശ്യപ്പെട്ടതും കേസ് ബെഞ്ചിന് മുമ്പാകെ എത്തിയതും. ഇപ്പോൾ സ്വകാര്യത മൗലികാവകാശമാണെന്ന് താങ്കൾ പറഞ്ഞ സ്ഥിതിക്ക് ഇൗ ബെഞ്ചിെൻറ നടപടി അവസാനിപ്പിച്ചുകൂടേ’-ചീഫ് ജസ്റ്റിസ് ചോദിച്ചു.
സ്വകാര്യത ഏകസ്വഭാവത്തിലുള്ള അവകാശമല്ലെന്നും മറ്റു മൗലികാവകാശങ്ങളുമായി ചേർന്ന് കിടക്കുന്നതാണെന്നുമായിരുന്നു വേണുഗോപാലിെൻറ മറുപടി. വ്യക്തിപരമായ സ്വാതന്ത്ര്യത്തിെൻറ ഉപഭാഗം മാത്രമാണ് സ്വകാര്യത. അതിെൻറ ചില വശങ്ങൾ ഭരണഘടന വിശദീകരിച്ചിട്ടുണ്ട്. മറ്റു ചില വശങ്ങൾ വിശദീകരിച്ചിട്ടില്ല. എന്നാൽ, സ്വകാര്യതയുടെ ലംഘനമാണെന്ന് പറഞ്ഞ് ആധാറിനെതിരെ പ്രതിഷേധവുമായി രംഗത്തുവരാൻ ജനങ്ങൾക്ക് അവകാശമില്ലെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു.
എന്നാൽ, സ്വകാര്യതയെ സംബന്ധിച്ചതെല്ലാം ആധാറുമായി ബന്ധപ്പെട്ടതല്ലെന്നും ചെറിയ മനുഷ്യരുടെ സ്വകാര്യതക്കുള്ള അവകാശത്തെക്കുറിച്ച് മറക്കരുതെന്നും ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ ഇതിനോട് പ്രതികരിച്ചു. സ്വകാര്യത ജനസഞ്ചയത്തെ ബാധിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നരിമാനെ പിന്തുണച്ചു. ഇതിനിടയിൽ ഇടപെട്ട ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, സ്വകാര്യത മൗലികാവകാശമാണോ എന്നതാണ് ഒമ്പതംഗ ബെഞ്ചിന് മുന്നിലെ വിഷയമെന്നും ആധാർ സ്വകാര്യത ലംഘിക്കുമോ എന്നത് അഞ്ചംഗ ബെഞ്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.