ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരിനാഥിലെ ഹിമപാതത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ രക്ഷപ്പെടുത്തിയ നാലു പേർ ചികിത്സക്കിടെ മരിച്ചു.
അഞ്ചുപേർ ഇപ്പോഴും മഞ്ഞിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച തന്നെ 33 പേരെ രക്ഷിച്ച് സമീപത്തെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവശേഷിക്കുന്നവരെ രക്ഷിക്കാൻ ഇന്തോ-തിബത്ത് ബോർഡർ പൊലീസ്, സൈന്യം എന്നിവയുടെ നേതൃത്വത്തിൽ ശ്രമം തുടരുന്നു.
ബദരിനാഥ് ചമോലി ജില്ലയിലെ മാനാ ഗ്രാമത്തിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന് (ബി.ആർ.ഒ) ക്യാമ്പിലാണ് സംഭവം. വെള്ളിയാഴ്ച, മാനാക്കും ബദരീനാഥിനും ഇടയിലുള്ള ലേബർ ക്യാമ്പിൽ രാവിലെ 7.15ന് ഉണ്ടായ ഹിമപാതത്തിൽ 55 ബി.ആർ.ഒ നിർമ്മാണ തൊഴിലാളികളാണ് മഞ്ഞിനടിയിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ഹിമാചൽ പ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു-കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യ-തിബറ്റ് അതിർത്തിയിലെ അവസാന ഗ്രാമമാണ് മന. തലസ്ഥാനമായ ഡെറാഡൂണിൽനിന്ന് 300 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.
മഞ്ഞുവീഴ്ചയും മഴയും കാരണം ഇവിടേക്ക് എത്താൻ പ്രയാസമാണ്. ഹിമപാതത്തെ തുടർന്ന് പ്രദേശത്തെ റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ത്യ -തിബത്ത് അതിർത്തിയിൽ സൈന്യം സഞ്ചരിക്കുന്ന വഴിയിൽ പതിവുപോലെ മഞ്ഞു നീക്കുകയായിരുന്നു തൊഴിലാളികൾ. ശനിയാഴ്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഹിമപാത ബാധിത പ്രദേശം സന്ദർശിക്കുകയും ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് രക്ഷാപ്രവർത്തനം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.