'രാഹുൽ ഗാന്ധിക്ക് മുതിർന്നവരോട് പെരുമാറാനറിയില്ല'; മുൻ രാജ്യസഭ എം.പിയും കോൺഗ്രസ് വിട്ടു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പു തീയതികൾ നിശ്ചയിക്കാൻ ഞായറാഴ്ച പ്രവർത്തക സമിതി ചേരാനിരിക്കെ മറ്റൊരു മുതിർന്ന നേതാവ് കൂടി കോൺഗ്രസ് വിട്ടു. തെലങ്കാന കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ രാജ്യസഭ എം.പിയുമായ എം.എ. ഖാനാണ് പാർട്ടിയിൽനിന്ന് രാജിവെച്ചത്.

രാഹുൽ ഗാന്ധിക്ക് മുതിർന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി ഉപാധ്യക്ഷനായി രാഹുൽ ഗാന്ധിയെ നിയമിച്ചതോടെയാണ് കോൺഗ്രസിന് തിരിച്ചടി തുടങ്ങിയത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസിന്റെ തകർച്ചക്ക് കാരണമായെന്നും ഖാൻ പറയുന്നു.

കഴിഞ്ഞദിവസം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ഗുലാംനബി ആസാദ് പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. 'ഞാൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. രാഹുൽ ഗാന്ധി പാർട്ടി ഉപാധ്യക്ഷന്‍റെ ചുമതലയേറ്റതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. അദ്ദേഹത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. അത് ബ്ലോക്ക് തലം മുതൽ ബൂത്തുതലം വരെയുള്ള നേതാക്കളുമായി ഒത്തുപോകുന്നതല്ല' -ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി ഇന്ന് നേരിടുന്ന തിരിച്ചടികൾക്കെല്ലാം കാരണം ഇതാണ്. വർഷങ്ങളായി പാർട്ടിയെ ശക്തിപ്പെടുത്തിയ മുതിർന്ന നേതാക്കളെല്ലാം പുറത്തുപോവുകയാണ്. രാഹുൽ ഗാന്ധിക്ക് മുതിർന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്നും ഖാൻ കുറ്റപ്പെടുത്തി. ഇന്ന് വൈകീട്ട് മൂന്നരക്കാണ് വിഡിയോ കോൺഫറൻസായാണ് പ്രവർത്തകസമിതി ചേരുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം ചികിത്സാർഥം വിദേശത്തുപോയ സോണിയഗാന്ധി യോഗത്തിൽ അധ്യക്ഷത വഹിക്കും.

സെപ്റ്റംബർ 20നുമുമ്പ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന പ്രഖ്യാപനം മുമ്പ് നടത്തിയെങ്കിലും നിലവിലെ സാഹചര്യങ്ങളിൽ കൂടുതൽ വൈകിയേക്കും. രാഹുൽ വീണ്ടും അധ്യക്ഷനാകണമെന്ന സമ്മർദം പല നേതാക്കളും തുടരുകയാണ്. അത് നടന്നില്ലെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കുമെന്നാണ് സൂചനകൾ.

Tags:    
News Summary - Former Rajya Sabha MP MA Khan quits Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.