ബി.ജെ.പി മുൻ എം.എൽ.എ വി.എസ്. പാട്ടീലിന് കെ.പി.സി.സി ഓഫിസിൽ ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ എന്നിവർ പാർട്ടി പതാക കൈമാറുന്നു
ബംഗളൂരു: ഉത്തരകന്നഡയിലെ യെല്ലാപൂർ മണ്ഡലത്തിൽനിന്നുള്ള മുൻ എം.എൽ.എ വി.എസ്. പാട്ടീൽ, ജില്ല നേതാവ് ശ്രീനിവാസ് എന്നിവർ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നു. വ്യാഴാഴ്ച ബംഗളൂരു ക്യൂൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർ ചേർന്ന് പാർട്ടി പതാക പാട്ടീലിന് കൈമാറി. വി.എസ്. പാട്ടീലിന്റെ വരവ് ഉത്തര കന്നഡയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തിയതായി ശിവകുമാർ പറഞ്ഞു.
യെല്ലാപൂർ കോൺഗ്രസ് എം.എൽ.എയായിരുന്ന ശിവറാം ഹെബ്ബാർ ഓപറേഷൻ താമരയിൽ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ശിവറാം ഹെബ്ബാർ വിജയിക്കുകയും സംസ്ഥാന തൊഴിൽ മന്ത്രിയാവുകയും ചെയ്തു.അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശിവറാം ഹെബ്ബാറിനെതിരെ വി.എസ്. പാട്ടീലിനെ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് നീക്കം.
മുമ്പ് ബി.ജെ.പി ടിക്കറ്റിൽ യെല്ലാപൂരിൽനിന്ന് വിജയിച്ച പാട്ടീൽ 2013ലും 2018 ലും ശിവറാം ഹെബ്ബാറിനോട് തോറ്റു. പിന്നീട് ഹെബ്ബാർ കളം മാറി ബി.ജെ.പിയിലെത്തിയപ്പോൾ പാട്ടീലിന്റെ സീറ്റ് നഷ്ടപ്പെടുകയായിരുന്നു.അതേസമയം, ബി.ജെ.പി എം.എൽ.സി പുട്ടണ്ണയും ജെ.ഡി-എസ് നേതാവ് വൈ.എസ്.വി ദത്തയും കോൺഗ്രസിൽ ചേരാനൊരുങ്ങുന്നുവെന്ന് സൂചനയുണ്ട്. ഓപറേഷൻ താമരയിൽ ബി.ജെ.പിക്കുവേണ്ടി ചരടുവലി നടത്തിയ നേതാക്കളിലൊരാളാണ് പുട്ടണ്ണ.
എന്നാൽ, പിന്നീട് ബി.ജെ.പി വാഗ്ദാനങ്ങൾ പാലിക്കാത്തതാണ് പുട്ടണ്ണയെ പാർട്ടി വിടാൻ പ്രേരിപ്പിക്കുന്നത്. ബംഗളൂരു സിറ്റിയിലെ രാജാജി നഗർ, യശ്വന്ത്പുർ, പത്മനാഭ നഗർ എന്നീ മണ്ഡലങ്ങളിലൊന്ന് പുട്ടണ്ണക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്തതായി അറിയുന്നത്. കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ജെ.ഡി-എസ് നേതാവ് വൈ.എസ്.വി ദത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.