ചെന്നൈ: ഇന്ത്യൻ ആണവോർജ കമീഷൻ മുൻ ചെയർമാനും ശാസ്ത്രജ്ഞനുമായ എം.ആർ. ശ്രീനിവാസൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലർച്ച നാലിന് ഊട്ടിയിലായിരുന്നു അന്ത്യം. രാജ്യത്തെ ആണവ വൈദ്യുതി പദ്ധതികളുടെ ആസൂത്രണം, നിർവഹണം, പ്രവർത്തനം എന്നിവയിൽ മുഖ്യ പങ്കുവഹിച്ചു.
1987ൽ ആണവോർജ കമീഷൻ ചെയർമാനും ആണവോർജ വകുപ്പ് സെക്രട്ടറിയുമായിരുന്നു. അതേവർഷം ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപക ചെയർമാനുമായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 18 ആണവോർജ യൂനിറ്റുകൾ വികസിപ്പിച്ചു. ഇതിൽ ഏഴെണ്ണം പ്രവർത്തനക്ഷമമായിരുന്നു. ഏഴെണ്ണം നിർമാണത്തിലും നാലെണ്ണം ആസൂത്രണ ഘട്ടത്തിലുമാണ്. ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2015ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പത്മശ്രീ (1984), പത്മഭൂഷൺ (1990) ബഹുമതികളും ലഭിച്ചിട്ടുണ്ട്.
1930 ജനുവരി അഞ്ചിന് ബംഗളൂരുവിലാണ് ജനിച്ചത്. 1950ൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും 1952ൽ ബിരുദാനന്തര ബിരുദവും നേടി. 1954ൽ കാനഡയിലെ മോൺട്രിയലിലുള്ള മക്ഗിൽ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 1955 സെപ്റ്റംബറിലാണ് ആണവോർജ വകുപ്പിൽ ചേർന്നത്. 1956 ആഗസ്റ്റിൽ പ്രവർത്തനക്ഷമമായ ഇന്ത്യയിലെ ആദ്യ ആണവ റിയാക്ടറായ അപ്സരയുടെ നിർമാണത്തിൽ ഡോ. ഹോമി ഭാഭയോടൊപ്പം എം.ആർ. ശ്രീനിവാസൻ പ്രവർത്തിച്ചു. 1959 ആഗസ്റ്റിൽ ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതി നിലയത്തിന്റെ പ്രിൻസിപ്പൽ പ്രോജക്ട് എൻജിനീയറായി നിയമിച്ചു. 1967ൽ മദ്രാസ് ആണവ വൈദ്യുതി നിലയത്തിന്റെ ചീഫ് പ്രോജക്ട് എൻജിനീയറായി. 1974ൽ ആണവോർജ വകുപ്പിലെ പവർ പ്രോജക്ട്സ് എൻജിനീയറിങ് ഡിവിഷന്റെ ഡയറക്ടറായും 1984ൽ ന്യൂക്ലിയർ പവർ ബോർഡിന്റെ ചെയർമാനായും പ്രവർത്തിച്ചു. മകൾ: ശാരദ ശ്രീനിവാസൻ.
നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.