കോൺഗ്രസിൽ ചേർന്ന മുൻ ബി.ജെ.പി എം.എൽ.എ രാമണ്ണ ലമാനിയെ ബംഗളൂരുവിലെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
ബംഗളൂരു: കർണാടകയിൽ മുൻ ബി.ജെ.പി എം.എൽ.എ രാമണ്ണ ലമാനി കോൺഗ്രസിൽ ചേർന്നു. ഗദഗ് ജില്ലയിലെ ശിരഹട്ടിയിൽനിന്നുള്ള മുൻ എം.എൽ.എയാണ്. ബംഗളൂരുവിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ, മന്ത്രി എച്ച്.കെ. പാട്ടീൽ, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് സലീം അഹ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
രണ്ട് തവണ എം.എൽ.എയായ ലമാനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നൽകിയിരുന്നില്ല. ഇവിടെ ചന്ദ്രു ലമാനിയെയാണ് ബി.ജെ.പി മത്സരിപ്പിച്ചത്. ബി.ജെ.പി മുൻ എം.എൽ.എമാരായ എം.പി. കുമാരസ്വാമി, പൂർണിമ ശ്രീനിവാസ് എന്നിവരും രണ്ട് ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസിൽ ചേരുമെന്ന് സൂചനകളുണ്ട്. മുദിഗരെയിൽനിന്ന് രണ്ട് തവണ എം.എൽ.എയായ കുമാരസ്വാമി കോൺഗ്രസിൽ ചേരാനുള്ള സന്നദ്ധത നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി സീറ്റ് നൽകിയിരുന്നില്ല. ഇതിനാൽ ജെ.ഡി.എസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ നയന മുതമ്മയോട് പരാജയപ്പെട്ടു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായ സി.ടി. രവിയാണ് തനിക്ക് സീറ്റ് നിഷേധിക്കാൻ ഇടപെട്ടതെന്ന് പറഞ്ഞ കുമാരസ്വാമി അദ്ദേഹത്തിനെതിരെ വൻവിമർശനം ഉന്നയിച്ചിരുന്നു. ചിക്കമഗളൂരു മണ്ഡലത്തിൽനിന്ന് മത്സരിച്ച രവിയും കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു.
ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ മണ്ഡലത്തിൽ 2018 മുതൽ 2023 വരെ എം.എൽ.എയായിരുന്നു പൂർണിമ ശ്രീനിവാസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഡി. സുധാകറിനോട് പരാജയപ്പെട്ടു. തന്റെ സമുദായമായ ഗൊല്ല വിഭാഗത്തോട് ബി.ജെ.പി സർക്കാർ കാണിച്ച വഞ്ചനയും വാഗ്ദാനങ്ങൾ നടപ്പാക്കാത്തതുമാണ് പരാജയകാരണമെന്ന് പൂർണിമ പിന്നീട് ആരോപിച്ചിരുന്നു. ഇതിനാലാണ് താൻ പാർട്ടി മാറുന്നതെന്നും അവർ പറഞ്ഞു. തന്റെ ഭർത്താവ് ഡി.ടി. ശ്രീനിവാസിന് ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, കൂടുതൽ ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു. എൻ.ഡി.എയിൽ ചേരാനുള്ള ജെ.ഡി.എസ് തീരുമാനത്തിൽ പ്രതിഷേധമുള്ള 40ലധികം ബി.ജെ.പി, ജെ.ഡി.എസ് നേതാക്കൾ ഉടൻ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.