ന്യൂഡൽഹി: രാജ്യസുരക്ഷക്കും പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണിയായി തോന്നുന്ന ഏതൊരു വിദേശിക്കും രാജ്യത്ത് പ്രവേശനം നിഷേധിക്കുന്ന പുതിയ കുടിയേറ്റ, വിദേശി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പും ബിൽ സംയുക്ത പാർലമെന്റ് സമിതിക്ക് വിടണമെന്ന ആവശ്യവും അവഗണിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്. ദേശസുരക്ഷ, പരമാധികാരം, അഖണ്ഡത എന്നിവക്ക് പുറമെ, മറ്റു വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം, പൊതുജന ആരോഗ്യം, അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിഷ്കർഷിച്ച മറ്റു കാരണങ്ങൾ എന്നിവ മുൻനിർത്തിയും ഒരു വിദേശിയുടെ ഇന്ത്യയിലേക്കുള്ള വരവ് തടയാൻ പുതിയ ബില്ലിലെ 3 (1) വ്യവസ്ഥ കേന്ദ്രത്തിന് അധികാരം നൽകുന്നു. എമിഗ്രേഷൻ ഓഫിസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ 3 (2) വ്യവസ്ഥ അനുമതി നൽകുന്നില്ല. ഇന്ത്യൻ വംശജരായ വിദേശികൾക്കു പോലും ഇന്ത്യയിലേക്ക് വരാൻ പ്രതിബന്ധങ്ങൾ തീർക്കുന്നതാണ് ഈ രണ്ടു വ്യവസ്ഥകളും.
വരുന്ന വിദേശിയുടെ സഞ്ചാരത്തിന് കൂടുതൽ നിയന്ത്രണവുമുണ്ടാകും. ഓരോ വിദേശി വരുന്നതും താമസിക്കുന്നതും താമസം നീട്ടുന്നതും പോകുന്നതുമെല്ലാം കേന്ദ്രീകൃതമായ ട്രാക്കിങ്ങിലൂടെ പിന്തുടരും. വിദേശികൾ എത്തുന്ന സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ് ബിൽ. വിദേശികളെക്കുറിച്ച് അവ എമിഗ്രേഷൻ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണം. വിദേശിയുടെ വരവിന് നിയമസാധുത നൽകേണ്ട ഉത്തരവാദിത്തം ഇതോടെ സർക്കാറിൽനിന്ന് വ്യക്തികളിലേക്കായി. ഒരു വിദേശിയുടെ പൗരത്വം തെളിയിക്കേണ്ട ബാധ്യത സർക്കാറിൽനിന്നും ആ വ്യക്തിയുടെ ചുമലിലേക്ക് മാറും. ഈ ബിൽ 1946ലെ വിദേശി നിയമം, 1920ലെ പാസ്പോർട്ട് നിയമം, 1939ലെ വിദേശി രജിസ്ട്രേഷൻ നിയമം, 2000ത്തിലെ എമിഗ്രേഷൻ കാരിയർ നിയമം എന്നിവക്ക് പകരം കൂടിയാണ്.
രേഖകളില്ലാത്തവരെ കൊണ്ടുവരുന്ന വിമാനങ്ങൾക്കും വാഹനങ്ങൾക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തും. ടൂറിസ്റ്റ്, തൊഴിൽ, സ്റ്റുഡൻറ്സ്, അഭയാർഥികൾ എന്നിങ്ങനെ വരുന്ന വിദേശികളുടെ മുൻഗണന നിശ്ചയിക്കും. ഏതു വിദേശിയും ഇന്ത്യയിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാറിന് അമിതാധികാരം നൽകുന്നതാണ് ബിൽ എന്ന് അവതരണത്തെ എതിർത്ത കോൺഗ്രസ് നേതാവ് മനീഷ് തിവാരി വ്യക്തമാക്കി. നിലവിലുള്ള ഭരണകൂടത്തോട് വിയോജിപ്പുള്ളവരെയും അവരുടെ രാഷ്ട്രീയത്തോടും ആദർശത്തോടും എതിർപ്പുള്ളവരെയും തടയാൻ ഇതുവഴി സാധ്യമാകുമെന്ന് മനീഷ് തിവാരി മുന്നറിയിപ്പ് നൽകി.v
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.