ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം. 'രാജ്യദ്രോഹി, ഒറ്റുകാരൻ' തുടങ്ങിയ അധിക്ഷേപ വാക്കുകളുമായി സൈബർ ആക്രമണം രൂക്ഷമായതോടെ മിസ്രി എക്സ് അകൗണ്ട് ലോക്ക് ചെയ്തു.
ആക്രമണം കുടുംബത്തിലേക്കും നീണ്ടു. അദ്ദേഹത്തിന്റെ മകളുടെ പൗരത്വം വരെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു അധിക്ഷേപം.
'ഓപറേഷൻ സിന്ദൂറിനെ' കുറിച്ചുള്ള സർക്കാർ വാർത്തസമ്മേളനങ്ങളിൽ സർക്കാറിന്റെ മുഖമായിരുന്നു വിക്രം മിസ്രി. കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരോടൊപ്പം ഇന്ത്യയുടെ നീക്കങ്ങൾ വിശദീകരിച്ചത് വിക്രം മിസ്രിയായിരുന്നു. മിസ്രിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ പ്രതികരണവുമായി നിരവധി പ്രമുഖർ രംഗത്തെത്തി.
അതേസമയം, കശ്മീർ വിഷയത്തിൽ മധ്യസ്ഥരെ അംഗീകരിക്കില്ലെന്നും നിയമവിരുദ്ധമായി അധിനിവേശം നടത്തിയ പ്രദേശം പാകിസ്താൻ തിരികെ നൽകുന്നതാണ് ചർച്ച ചെയ്യേണ്ട ഏകകാര്യമെന്നും വിക്രം മിസ്രി പറഞ്ഞു. പാക് സ്പോൺസർഷിപ്പിൽ ഭീകരത തുടരുന്നിടത്തോളം സിന്ധു ജല ഉടമ്പടി മരവിപ്പിക്കും. ചർച്ചകൾ ഡി.ജി.എം.ഒ (ഡയറക്ടർ ഓഫ് മിലിട്ടറി ഓപറേഷൻസ്) വഴിയായിരിക്കും. മേയ് പത്തിന് പാകിസ്താൻ ഡി.ജി.എം.ഒ ഇന്ത്യൻ ഡി.ജി.എം.ഒയെ വിളിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.