അഖിലേഷ് യാദവ്
ഡൽഹി: ജന്തർമന്തറിന് സമീപമുള്ള വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ ഭക്ഷണവിതരണ നിയന്ത്രണങ്ങൾക്കെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. ജന്തർമന്തർ മേഖലയിലെ ഓൺലൈൻ ഭക്ഷണവിതരണവും ആപ്പ് അധിഷ്ഠിത സേവനങ്ങളും നിയന്ത്രിച്ച നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും, ഇതിനെ 'ഫൂഡ്ബന്ദി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ 'കോക്ക്‌റോച്ച് ജനതാ പാർട്ടി' നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞയെ തുടർന്നാണ് ഡൽഹി പൊലീസ് ഈ മേഖലയിലെ സേവനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
ജനങ്ങളുടെ ജീവനോപാധിയായ ആഹാരം നിഷേധിക്കരുതെന്ന് ചൂണ്ടിക്കാട്ടി അഖിലേഷ് യാദവ് 'എക്സിൽ' രംഗത്തെത്തി. "നോട്ടു നിരോധനത്തിന് ശേഷമുള്ള ഫുഡ്ബന്ദിയാണിത്, റൊട്ടി അടിച്ചു മാറ്റരുത്" എന്ന് അദ്ദേഹം കുറിച്ചു. ക്രമസമാധാന പാലനത്തിന്റെ പേരിൽ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങളെ തടസ്സപ്പെടുത്തുന്ന നടപടിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ഡൽഹിയിലെങ്ങും ഭക്ഷ്യവിതരണത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വ്യാവുമാണെന്നും ഇത്തരം നുണപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും പൊലീസ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. എങ്കിലും, ജന്തർമന്തറിന് ചുറ്റുമുള്ള സെക്ഷൻ 163 പ്രകാരമുള്ള നിയന്ത്രണങ്ങൾ കാരണം ഡെലിവറി പങ്കാളികളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി ആപ്പ് വഴിയുള്ള മൊബിലിറ്റി, ഡെലിവറി, ഇ-കൊമേഴ്സ് സേവനങ്ങൾ എന്നിവ താത്കാലികമായി ക്രമീകരിക്കാൻ ഡൽഹി ട്രാഫിക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
സെൻട്രൽ ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ നിർദ്ദേശപ്രകാരം കണാട്ട് പ്ലേസിലെ കടകളും റെസ്റ്റോറന്റുകളും നേരത്തെ അടച്ചിടാൻ ന്യൂഡൽഹി ട്രേഡേഴ്സ് അസോസിയേഷനും അഭ്യർത്ഥിച്ചിരുന്നു. സമരബാധിത പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇതര വഴികൾ തേടാനും അധികൃതർ പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ മധ്യഡൽഹിയിൽ സുരക്ഷാ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.