കോടതി പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി 'കോക്രോച്ച് ജനതാ പാർട്ടി'; മൂന്ന് ദിവസത്തിനിടെ ഒപ്പം ചേർന്നത് പതിനായിരങ്ങൾ

ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ കോടതിയിൽ വെച്ച് 'കീടങ്ങളോടും' 'പാറ്റകളോടും' ഉപമിച്ചുകൊണ്ടുള്ള പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) രാജ്യത്ത് വലിയ ചർച്ചയാകുന്നു. വെറുമൊരു ഇന്റർനെറ്റ് തമാശയായി തുടങ്ങിയ ഈ കൂട്ടായ്മയിൽ മൂന്ന് ദിവസത്തിനുള്ളിൽ അമ്പതിനായിരത്തിലധികം ആളുകളാണ് അംഗങ്ങളായത്. തൊഴിലില്ലായ്മയും പരീക്ഷാ വിവാദങ്ങളും കാരണം സിസ്റ്റത്തോട് പ്രതിഷേധമുള്ള യുവാക്കളുടെയും വിദ്യാർഥികളുടെയും വലിയൊരു താവളമായി മാറിയിരിക്കുകയാണ് ഈ ഓൺലൈൻ കൂട്ടായ്മ. തങ്ങളെ പാറ്റകൾ എന്ന് വിളിച്ചവർക്ക് മറുപടിയായി, 'രാജ്യത്തെ സിസ്റ്റം അത്രമാത്രം ചീഞ്ഞുനാറിയത് കൊണ്ടാണ് പാറ്റകൾക്ക് പുറത്തുവരേണ്ടി വന്നത്' എന്നാണ് ഈ കൂട്ടായ്മ രൂപീകരിച്ചവർ പറയുന്നത്.

മെയ് 15-ന് സുപ്രീം കോടതിയിൽ നടന്ന ഒരു കേസ് വിചാരണയ്ക്കിടയിലാണ് ഈ വിവാദ സംഭവമുണ്ടാകുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട കോടതി ബെഞ്ച്, ഹരിജിക്കാരന്റെ സോഷ്യൽ മീഡിയ ഇടപെടലുകളെ വിമർശിക്കുന്നതിനിടയിൽ കടുത്ത ചില വാക്കുകൾ ഉപയോഗിക്കുകയായിരുന്നു. "തൊഴിലില്ലാത്ത, സ്വന്തം മേഖലകളിൽ ഒരിടവുമില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണ്. അവർ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയക്കാരുമായി മാറി വ്യവസ്ഥിതിയെ മുഴുവൻ ആക്രമിക്കുകയാണ്" എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഇതോടെ, ചീഫ് ജസ്റ്റിസ് രാജ്യത്തെ യുവാക്കളെയും മാധ്യമപ്രവർത്തകരെയും അധിക്ഷേപിച്ചു എന്ന് ആരോപിച്ച് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. മാധ്യമ സംഘടനകൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്തുവന്നു.

വിവാദം കനത്തതോടെ തൊട്ടടുത്ത ദിവസം തന്നെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും രാജ്യത്തെ യുവാക്കളെയല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ബിരുദങ്ങൾ കാണിച്ച് നിയമ-മാധ്യമ രംഗങ്ങളിലേക്ക് കടന്നുകൂടി സിസ്റ്റം തകർക്കുന്നവരെയാണ് താൻ പാറ്റകളോട് ഉപമിച്ചതെന്നായിരുന്നു വിശദീകരണം. എന്നാൽ ഈ തിരുത്ത് വരുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ പ്രതിഷേധമായി 'കോക്രോച്ച് ജനതാ പാർട്ടി' രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനാണ് ഇതിന് പിന്നിൽ. മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിച്ചിട്ടുള്ള അഭിജീത്, ഒരു ഗൂഗിൾ ഫോം പങ്കുവെച്ചുകൊണ്ടാണ് ഇതിന് തുടക്കമിട്ടത്. എ.ഐ ടൂളുകളുടെ സഹായത്തോടെ മണിക്കൂറുകൾക്കുള്ളിലാണ് പാർട്ടി വെബ്‌സൈറ്റും മറ്റ് കാര്യങ്ങളും തയ്യാറാക്കിയത്. ഗാന്ധി, അംബേദ്കർ, നെഹ്റു എന്നിവരുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു മതേതര കൂട്ടായ്മയാണിത്. തൊഴിലില്ലാത്തവർ, എപ്പോഴും ഓൺലൈനിൽ ഇരിക്കുന്നവർ, സോഷ്യൽ മീഡിയയിൽ നന്നായി വിമർശിക്കാൻ അറിയുന്നവർ എന്നിവർക്കൊക്കെ ഈ കൂട്ടായ്മയിൽ അംഗമാകാം.

വെറുമൊരു തമാശ മാത്രമല്ല, ഗൗരവമുള്ള ചില ആവശ്യങ്ങളും ഇവർ തങ്ങളുടെ വെബ്‌സൈറ്റിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്. പാർട്ടി മാറുന്ന എം.എൽ.എമാർക്കും എം.പിമാർക്കും 20 വർഷത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് ഏർപ്പെടുത്തുക, വിരമിച്ച ശേഷം ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകൾ നൽകുന്നത് നിർത്തലാക്കുക, വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങളുടെ അക്കൗണ്ടുകൾ അന്വേഷിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. നീറ്റ് പരീക്ഷാ വിവാദത്തിൽ പെട്ട വിദ്യാർഥികൾക്കും ഇവർ പിന്തുണ നൽകുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പിമാരായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ കൂടി സോഷ്യൽ മീഡിയയിൽ ഇതിനോട് പ്രതികരിച്ചതോടെ ഈ കോക്രോച്ച് പാർട്ടി രാജ്യത്താകെ വലിയ ഹിറ്റായിരിക്കുകയാണ്.

Tags:    
News Summary - Following court remarks, 'Cockroach Janata Party' goes viral on social media; tens of thousands join within three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.