ന്യൂഡൽഹി: മുതിർന്ന അഭിഭാഷക വി. മോഹന ഉൾപ്പെടെ അഞ്ചുപേർ കൂടി സുപ്രീംകോടതി ജഡ്ജിമാരാകുന്നു. ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, പഞ്ചാബ്-ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് സച്ദേവ, ജമ്മു കശ്മീർ-ലഡാക്ക് ഹൈകോടതി ചീഫ് ജസ്റ്റിസ് അരുൺ പല്ലി എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരാകുന്ന മറ്റുള്ളവർ.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം മേയ് 27ന് സമർപ്പിച്ച ശിപാർശ അംഗീകരിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. അഭിഭാഷക പദവിയിൽ നിന്ന് നേരിട്ട് ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാണ് വി. മോഹന.
ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് നേരിട്ട് ജഡ്ജിയായി എത്തിയ അഭിഭാഷക. തമിഴ്നാട് സ്വദേശിയായ വി. മോഹന ദീർഘകാലമായി സുപ്രീംകോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. വി. മോഹനയുടെ നിയമനത്തോടെ സുപ്രീംകോടതിയിലെ നിലവിലെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടാകും. ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ജഡ്ജിമാരിൽ ഏക വനിതാ അംഗം.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീംകോടതിയിലെ ആകെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആയി ഉയർത്തി ഏപ്രിലിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 38 ആയി ഉയർത്തിയതോടെ നിലവിലുണ്ടായിരുന്ന രണ്ട് ഒഴിവുകൾ ഉൾപ്പെടെ ആകെ ആറ് ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് നിയമനങ്ങൾ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.