ഗാന്ധിനഗർ: കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഗുജറാത്തിലെ ഗിർ വനത്തിൽ ചത്തത് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് ഏഷ്യാറ്റിക് സിംഹങ്ങൾ. എന്നാൽ മൃഗങ്ങൾക്ക് രോഗബാധയുടെ സൂചനയില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗിർ ദേശീയോദ്യാനത്തിലെയും വന്യജീവി സങ്കേതത്തിലെയും ഗിർ ഈസ്റ്റ്, ഗിർ വെസ്റ്റ് ഡിവിഷനുകളിലാണ് സിംഹങ്ങളുടെ മരണം റിപ്പോർട്ട് ചെയ്തത്. അണുബാധ മൂലമാണ് രണ്ട് സിംഹകുഞ്ഞുങ്ങൾ ചത്തതെന്ന് സംശയിക്കുന്നതായും ബാക്കിയുള്ളവ തമ്മിൽ ഏറ്റുമുട്ടിയാകാം ചത്തതെന്നും വനം മന്ത്രി അർജുൻ മോദ്‌വാഡിയ പറഞ്ഞു. സിംഹങ്ങൾക്ക് വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളൊന്നും കാണുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കൂടുതൽ പരിശോധനകൾക്കായി മൃതദേഹങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ച് മരണങ്ങളിൽ ഒന്ന് ഏറ്റുമുട്ടലിലുണ്ടായ പരിക്കുകൾ മൂലമാണന്നും രണ്ടെണ്ണം സ്വാഭാവിക മരണങ്ങളാണെന്നും മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിംഹങ്ങൾ തുടർച്ചയായി ചാവുന്നത് കണക്കിലെടുത്ത് ഈ പ്രദേശങ്ങളിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ സിംഹങ്ങളുടെ കൂട്ടത്തെ നിരീക്ഷിക്കുകയും ലക്ഷണങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
ഗുജറാത്തിലെ വനത്തിൽ മാത്രമാണ് ഏഷ്യാറ്റിക് സിംഹങ്ങൾ കാണപ്പെടുന്നത്. 2025ലെ സെൻസസിൽ ഇവ 891 എണ്ണമുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. 2020ൽ ഇത് 674 ആയിരുന്നു. സംരക്ഷിത പ്രദേശത്തിനപ്പുറം അമ്രേലി, ഗിർ സോമനാഥ്, ഭാവ്‌നഗർ തുടങ്ങിയ ജില്ലകളിലും നിലവിൽ ഏഷ്യാറ്റിക് സിംഹങ്ങളുണ്ട്.
ആവാസ വ്യവസ്ഥയുടെ വികാസം, രോഗ നിയന്ത്രണം, ശാസ്ത്രീയ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സിംഹങ്ങളുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നതിനായി ഏകദേശം 2,900 കോടി രൂപയുടെ ‘പ്രോജക്ട് ലയണി’ന് കേന്ദ്രം കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു. ഈ പദ്ധതി വഴി രോഗ നിരീക്ഷണം, രോഗനിർണയം, ചികിത്സ എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഗുജറാത്തിൽ ഒരു നാഷണൽ റഫറൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഹെൽത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.