രാഹുൽ ഗാന്ധിക്ക് മുന്നിൽ പരാതിപ്പെട്ട് മത്സ്യത്തൊഴിലാളി; തന്നെ പ്രശംസിച്ചതാണെന്ന് പരിഭാഷപ്പെടുത്തി പുതുച്ചേരി മുഖ്യമന്ത്രി

പുതുച്ചേരി: സർക്കാറിനെ കുറിച്ച് രാഹുൽ ഗാന്ധിയോട് പരാതി ഉന്നയിച്ച മത്സ്യത്തൊഴിലാളിയുടെ വാക്കുകൾ പ്രശംസയായി പരിഭാഷപ്പെടുത്തി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി വിവാദത്തിൽ. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ പുതുച്ചേരിയിൽ രണ്ടുദിന സന്ദർശനത്തിലാണ് രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്നതിനിടെയാണ് ഒരു സ്ത്രീ സർക്കാറിന്‍റെ പ്രവർത്തനത്തെയും മുഖ്യമന്ത്രിയെയും കുറിച്ച് പരാതിപ്പെട്ടത്.

'ആരും ഞങ്ങൾക്ക് പിന്തുണ നൽകുന്നില്ല. മുഖ്യമന്ത്രി പോലും സഹായത്തിനെത്തുന്നില്ല. ചുഴലിക്കാറ്റിനെ തുടർന്ന് അദ്ദേഹം ഞങ്ങളെ സന്ദർശിച്ചിരുന്നോ?' -എന്നായിരുന്നു തൊഴിലാളിസ്ത്രീയുടെ പരാതി.

എന്നാൽ, തന്നെ കുറിച്ചും സർക്കാറിനെ കുറിച്ചും പ്രകീർത്തിക്കുകയാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി വി. നാരായണസ്വാമി ഇവരുടെ വാക്കുകൾ രാഹുൽ ഗാന്ധിക്ക് പരിഭാഷപ്പെടുത്തിയത്.

'നിവർ ചുഴലിക്കാറ്റ് ഉണ്ടായപ്പോൾ ഞാൻ ഈ പ്രദേശം സന്ദർശിക്കുകയും ഇവർക്ക് ആശ്വാസം നൽകുകയും ചെയ്തു. അതാണ് ഇവർ പറഞ്ഞത്' -എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഭാഷ.

ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നു. സംഭവം ബി.ജെ.പി നേതാക്കൾ ഏറ്റെടുക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കളായ സി.ടി. രവി, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, താൻ ഒന്നും വളച്ചൊടിച്ചിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി പ്രതികരിച്ചത്. 

Tags:    
News Summary - Fisherwoman complains to Rahul Gandhi, Puducherry CM tells him she's praising govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.