ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ ഇൻഡ്യ മുന്നണി നേതാക്കളെ അത്താഴ വിരുന്നിന് ക്ഷണിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പതിവ് വിട്ട്, ആദ്യമായാണ് എല്ലാ നേതാക്കൾക്കുമായി രാഹുൽ വിരുന്നൊരുക്കുന്നത്. മുന്നണിയുമായി സഹകരിക്കുന്ന പാർട്ടി നേതാക്കളെല്ലാം വിരുന്നിനെത്തുമെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ മുന്നണിയുടെ ഐക്യത്തിനായി കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം മറ്റു പാർട്ടികൾ ഉന്നയിച്ചിരുന്നു. ആം ആദ്മി പാർട്ടി മുന്നണിയുമായി അകലുകയും ചെയ്തു. ബിഹാർ വോട്ട് ബന്ദി വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന് ശക്തി കൂട്ടാനുള്ള ചർച്ചകൾ വിരുന്നിൽ നടത്തും. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും ഇൻഡ്യ മുന്നണിയിൽ ചർച്ച നടക്കുന്നുണ്ട്.
മുംബൈ: വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന ‘ഇൻഡ്യ’ ബ്ലോക്ക് യോഗത്തിൽ ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ പങ്കെടുക്കുമെന്ന് പാർട്ടി മുഖപത്രം ‘സാമ്ന’. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ‘ഇൻഡ്യ’ യോഗം വിളിക്കാത്തതിനെ ഉദ്ധവ് രൂക്ഷമായി വിമർശിച്ചിരുന്നു. ഞായറാഴ്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ധവുമായി ഫോണിൽ സംസാരിച്ചെന്നും ഉദ്ധവ് ബുധനാഴ്ച മുതൽ മൂന്ന് ദിവസം ഡൽഹിയിലുണ്ടാകുമെന്നും പറഞ്ഞ ‘സാമ്ന’ പ്രതിപക്ഷം ഒരുക്കുന്ന അത്താഴത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.