ഭുവനേശ്വർ: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി സർക്കാറിന്റെ പദ്ധതിയുടെ അവലോകനത്തിനായുള്ള ഉന്നതകാര്യ സമിതിയുടെ ആദ്യ യോഗം ഈ മാസം 23ന് ചേരുമെന്ന് സമിതി അധ്യക്ഷൻ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു.
ലോക്സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് പരിഗണിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനുമായി സെപ്റ്റംബർ രണ്ടിനാണ് സർക്കാർ ഉന്നത സമിതി രൂപവത്കരിച്ചത്.
സ്വകാര്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഭുവനേശ്വറിൽ എത്തിയപ്പോഴാണ് കോവിന്ദ് യോഗകാര്യം വെളിപ്പെടുത്തിയത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി അജണ്ടയുടെ പ്രയോഗവത്കരണം പ്രയാസകരമാണെന്നാണ് ഇതിനകം അഭിപ്രായമുയർന്നു കഴിഞ്ഞിട്ടുണ്ട്. 2014ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്.
പാർലമെന്റ് സമിതിയുടെ യോഗം ചേർന്ന് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യത പരിശോധിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. ലോക്സഭ, സംസ്ഥാന നിയമസഭകൾ, മുൻസിപാലിറ്റികൾ, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് പുതിയ ഭേദഗതി.
ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, ഫിനാൻസ് കമീഷൻ ചെയർമാൻ എൻ.കെ സിങ്, മുൻ ലോക്സഭ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ മുൻ വിജിലൻസ് കമീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നിയമമന്ത്രി അർജുൻ റാം അഗർവാൾ പ്രത്യേക ക്ഷണിതാവായി യോഗത്തിൽ പങ്കെടുക്കും. നിയമകാര്യ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.