കെട്ടിടത്തിൽ തീപിടുത്തം; ഗോവണിയും സാരിയും ഉപയോഗിച്ച് രക്ഷാപ്രവർത്തകരായി പ്രദേശവാസികൾ

ന്യൂഡൽഹി: വെള്ളിയാഴ്ച പുലർച്ചെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ അഞ്ച് നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. എന്നാൽ പ്രദേശത്ത് താമസിക്കുന്ന ചില ആളുകളുടെയും കുടുംബങ്ങളുടെയും പെട്ടെന്നുണ്ടായ രക്ഷാപ്രവർത്തനം നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ സഹായകമായി.

കെട്ടിടത്തിൽ നിന്ന് പുക ഉയരാൻ തുടങ്ങിയതോടെ മുകളിലത്തെ നിലകളിൽ നിന്ന് താഴേക്ക് ചാടുന്നവരെ പരിക്കുകളില്ലാതെ രക്ഷിക്കാൻ ആളുകൾ മെത്തകൾ നിരത്തി. സ്ഫോടനങ്ങൾ തടയാൻ തീപിടിച്ച വാഹനങ്ങൾ കെടുത്തി, പുക നിറഞ്ഞ ഇടനാഴികളിലേക്ക് ഉദ്യോഗസ്ഥർക്ക് പ്രവേശിക്കാൻ നടപടികൾ സ്വീകരിച്ചു. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന് നേരെ എതിർവശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിൽ താമസിക്കുന്ന ശർമ്മ സംഭവത്തിന്‍റെ ദൃക്സാക്ഷിയാണ്.

"ഞാൻ ഉണർന്നപ്പോൾ എന്റെ ബാൽക്കണിയിലേക്ക് പോയി നോക്കുകയായിരുന്നു. താഴത്തെ നിലയിൽ തീ പടരുന്നത് കണ്ടു. രണ്ടാം നിലയിലെ തകർന്ന കെട്ടിടത്തിൽ നിന്ന് ഒരാൾ സഹായത്തിനായി നിലവിളിക്കുന്നത് ഞങ്ങൾ കണ്ടു. എന്റെ മകൾ പെട്ടെന്ന് എന്റെ ഭാര്യയുടെ സാരി അയാളുടെ നേരെ എറിഞ്ഞു. അവൻ അത് ബാൽക്കണിയുടെ കൈവരിയിൽ കെട്ടി താഴേക്ക് ഇറങ്ങി" അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയുണ്ടായ തീപിടുത്തത്തിൽ പങ്കജ് പാണ്ഡെ (28), സുശീല ദേവി (70), സോണി (20) എന്നീ മൂന്ന് പേർ മരിച്ചു. നാലാം നിലയിലുണ്ടായിരുന്ന മറ്റ് രണ്ട് കുടുംബാംഗങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് രണ്ട് കുടുംബാംഗങ്ങൾക്കും അഞ്ചാം നിലയിലെ മൂന്ന് താമസക്കാർക്കും പരിക്കേറ്റതായി അധികൃതർ പറഞ്ഞു.

പൊലീസ് പറയുന്നതനുസരിച്ച് താഴത്തെ നിലയിലെ പാർക്കിങ് ഏരിയയിൽ നിന്നാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. പുക പെട്ടെന്ന് കെട്ടിടം മുഴുവൻ പരന്നു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തുന്നതിനു മുമ്പുതന്നെ പ്രദേശവാസികൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.

Tags:    
News Summary - Fire breaks out in building; locals use ladders and saris to act as rescuers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.