ചെന്നൈ: തമിഴ്നാട്ടിൽ നീറ്റ് ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹൻ അറിയിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് നൽകിയ നിർദേശ പ്രകാരമാണ് കേസുകൾ പിൻവലിക്കാനുള്ള തീരുമാനം. കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നീറ്റ് പരീക്ഷക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കും. തുടർ നടപടികൾ ഉടൻ പ്രഖ്യാപിക്കും’ -എ. രാജ്മോഹൻ സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയോട് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
നീറ്റ് യു.ജി 2026 പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളും ഉയർന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഡൽഹിയിലെ ജന്തർ മന്തർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് തമിഴ്നാട് സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത ചില വിദ്യാർഥികൾക്കെതിരെ തമിഴ്നാട്ടിൽ കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സർക്കാരിന് വിമർശനം നേരിടേണ്ടിവന്നു. വിദ്യാർഥികൾക്കെതിരെ ക്രിമിനൽ കേസുകൾ നിലനിർത്തുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക വിവിധ വിദ്യാർഥി സംഘടനകളും പ്രതിപക്ഷ കക്ഷികളും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക്, പ്രത്യേകിച്ച് ഗ്രാമീണ സർക്കാർ സ്കൂൾ പശ്ചാത്തലത്തിലുള്ളവർക്ക് തിരിച്ചടിയാണെന്നും പരീക്ഷ റദ്ദാക്കി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അധികാരങ്ങൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ നൽകണമെന്നും മുഖ്യമന്ത്രി വിജയ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.