‘മോദി രാജ്യം ഇത്ര മികച്ചതാക്കിയിട്ടുണ്ടെങ്കിൽ വിദേശത്ത് താമസിക്കുന്നത് എന്തിന്?’; വിവേക് ഒബ്‌റോയിയെയും ആർ. മാധവനെയും വിമർശിച്ച് രാജ് താക്കറെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ പ്രശംസിക്കുന്ന വിവേക് ഒബ്‌റോയിയെയും ആർ. മാധവനെയും വിമർശിച്ച് മഹാരാഷ്ട്ര നവനിർമാണ് സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ. ‘മോദി രാജ്യം ഇത്ര മികച്ചതാക്കിയിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് വിദേശത്ത് താമസിക്കുന്നത്?’ എന്നായിരുന്നു ഇരുവരോടുമുള്ള രാജ് താക്കറെയുടെ ചോദ്യം.

മുംബൈയിൽ എം.എൻ.എസിന്റെ വിദ്യാർഥി വിഭാഗമായ മഹാരാഷ്ട്ര നവനിർമാൺ വിദ്യാർഥി സേനയുടെ വാർഷിക പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം. സർക്കാരിനെ പിന്തുണക്കുന്ന ചില ചലച്ചിത്ര താരങ്ങളും വ്യവസായികളും ഇന്ത്യയെ പ്രശംസിക്കുമ്പോഴും താമസത്തിനായി വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വൈരുധ്യമുണ്ടെന്ന് രാജ് താക്കറെ പറഞ്ഞു.

‘നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയിൽ അദ്ദേഹത്തെ അവതരിപ്പിച്ച വിവേക് ​​ഒബ്‌റോയ് ഇപ്പോൾ ദുബൈയിലാണ് താമസിക്കുന്നത്. മോദിയെ നിരന്തരം പ്രശംസിക്കുന്ന ആർ. മാധവനും ദുബൈയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. നിങ്ങൾ ഇന്ത്യയെ വളരെയധികം സ്നേഹിക്കുന്നുണ്ടെങ്കിൽ, പ്രധാനമന്ത്രി മോദി രാജ്യത്തെ മാറ്റിമറിച്ചുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ എന്തിനാണ് വിദേശത്ത് താമസിക്കുന്നത്? നിങ്ങൾ എന്തിനാണ് കുടുംബത്തോടൊപ്പം ദുബൈയിൽ താമസിക്കുന്നത്?’ താക്കറെ ചോദിച്ചു. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്ന ചില സിനിമകളിൽ അഭിനയിക്കുന്നതിനാണ് അവർ ഇന്ത്യയിലേക്ക് വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിലെ അവസരങ്ങളിൽ വർധിച്ചുവരുന്ന അതൃപ്തിയാണ് വിദ്യാർഥികളുടെയും സംരംഭകരുടെയും പ്രഫഷണലുകളുടെയും കുടിയേറ്റം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കുടുംബങ്ങൾ വിദേശ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത് കുത്തനെ വർധിച്ചതായി താക്കറെ പറഞ്ഞു. ‘ഇന്ന്, നമ്മുടെ കുട്ടികൾ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നതിന് ഏകദേശം 5.85 ലക്ഷം കോടി രൂപ ചെലവഴിക്കുന്നു. ആ പണം രാജ്യം വിട്ടുപോകുകയാണ്’ അദ്ദേഹം പറഞ്ഞു.

വ്യവസായികളെയും രാജ് താക്കറെ വിമർശിച്ചു. ആയിരക്കണക്കിന് ഇന്ത്യൻ വ്യവസായികൾ രാജ്യത്ത് ബിസിനസ് നടത്തുമ്പോഴും താമസം വിദേശത്തേക്ക് മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും പ്രമുഖരുടെ പ്രവർത്തനങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - വിവേക് ഒബ്‌റോയിയെയും ആർ മാധവനെയും വിമർശിച്ച് രാജ് താക്കറെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.