മുംബൈയിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിരക്ഷാസേന
മുംബൈ: ദഹിസറിൽ 23 നില കെട്ടിടത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു, 36 താമസക്കാരെ രക്ഷപ്പെടുത്തി, 19 പേരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു.
മുംബൈയുടെ പ്രാന്തപ്രദേശമായ ദഹിസർ ഈസ്റ്റിലെ ന്യൂ ജൻ കല്യാൺ സൊസൈറ്റി, ശാന്തി നഗറിലെ ബി വിങ്ങിന്റെ ഏഴാം നിലയിലാണ് ഉച്ചക്കുശേഷം മൂന്നുമണിയോടെ തീപിടിത്തമുണ്ടായത്. ഉടൻ പൊലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഏഴ് യൂനിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിലേർപ്പെടുകയും ചെയ്തു. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം 36 പേരെ രക്ഷപ്പെടുത്തി അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ഭിന്നശേഷിക്കാരിയായ ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്, മറ്റ് അഞ്ചുപേർ കൂടി ചികിത്സയിലാണ്. നോർത്തേൺ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള ബാലന്റെ നില ഗുരുതരമാണ്. ഒരാളെ പ്രഗതി ആശുപത്രിയിലും മറ്റൊരാളെ ശതാബ്ദി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷപ്പെടുത്തിയവരിൽ പലരുടെയും നില ഗുരുതരമാണ്.
അഗ്നിശമന സേനയുടെ പ്രാഥമിക അന്വേഷണത്തിൽ, ബേസ്മെന്റിലെ വൈദ്യുതി തകരാറുമൂലം ഇലക്ട്രിക് വയറിലൂടെ തീ മുകൾ നിലയിലേക്ക് പടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.