ലഖ്നൊ: ഷാംലി ജില്ലയിൽ മോനു കശ്യപ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച സമാജ് വാദി പാർട്ടി എം.പി ഇഖ്റ ഹസനെതിരെ പൊലീസ് കേസെടുത്തു. ഷാംലിയിലെ ജസാല ഗ്രാമത്തിൽ കൊല്ലപ്പെട്ട മോനു കശ്യപിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മേയ് 19-ന് യുവാവിന്റെ മാതാവിനൊപ്പം എം.പി ഡി.ഐ.ജി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ സമരങ്ങളെ അടിച്ചൊതുക്കുന്നതാണ് കേസെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.
കൊല്ലപ്പെട്ട യുവാവിന്റെ മാതാവിന്റെ ഹരജി പൊലീസ് അവഗണിച്ചതായി ഇഖ്റ ഹസൻ ആരോപിച്ചു. പ്രതിഷേധത്തിനിടെ ഹസനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സമാജ് വാദി പാർട്ടി അവകാശപ്പെട്ടെങ്കിലും പൊലീസ് അധികൃതർ നിഷേധിച്ചു. ഹസനും മറ്റ് 25 ഓളം പേർക്കും എതിരെയാണ് കേസ്. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തൽ, കലാപം ഉണ്ടാക്കുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൊലീസ് നടപടിയോട് രൂക്ഷമായി പ്രതികരിച്ച അഖിലേഷ് യാദവ്, ബി.ജെ.പി നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ പൊലീസ് സംവിധാനത്തെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചു. നിരുത്തരവാദപരമായാണ് പൊലീസ് ഇരയുടെ കുടുംബത്തോട് പെരുമാറിയതെന്നും ഭരണകൂടം അവരുടെ പരാതി കേൾക്കുന്നില്ലെങ്കിൽ പിന്നെ ആരാണ് അവരെ കേൾക്കുകയെന്നും ഹസൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.