ന്യൂഡൽഹി: കുടിവെള്ള വിതരണം മുടക്കാൻ ഹരിയാനയിലെ ബി.ജെ.പി സർക്കാർ യമുനാ നദിയിൽ വിഷം കലർത്തിയെന്ന പരാതിയിൽ എ.എ.പി കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു. അഭിഭാഷകനായ ജഗ്മോഹൻ മൻചന്ദ നൽകിയ പരാതിയിൽ ഹരിയാനയിലെ ശഹ്ബാദ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശത്രുത വളർത്താൻ ശ്രമിക്കുക, രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുക, വ്യാജ ആരോപണം, മതവിശ്വാസത്തെ അപമാനിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കെജ്രിവാളിനെതിരെ ചുമത്തിയത്.
നേരത്തെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ കോടതി കെജ്രിവാളിന് സമൻസ് അയച്ചിരുന്നു. 17ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരാമർശവുമായി ബന്ധപ്പെട്ട് തെളിവ് നൽകാൻ കോടതി കെജ്രിവാളിനോട് നിർദേശിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനും തെളിവ് ചോദിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് രാവിലെ മുതൽ ഡൽഹിയിൽ വോട്ടെടുപ്പ് ആരംഭിച്ചു.
യമുനയിലെ ജലം ശുദ്ധമാണെന്ന് തെളിയിക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും പരസ്യമായി വെള്ളം കുടിച്ചുകാണിക്കാൻ കെജ്രിവാൾ വെല്ലുവിളിച്ചിരുന്നു. യമുനാ നദി ശുദ്ധമാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയ കെജ്രിവാൾ തന്നെ അത് കുടിച്ചു കാണിക്കണമെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. വെല്ലുവിളി ഏറ്റെടുത്ത്, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി യമുനയിലെ ജയം കുടിക്കുന്ന വിഡിയോ പുറത്തുവിട്ടിരുന്നു. ഇത്തരം പരാമർശത്തിലൂടെ കെജ്രിവാൾ രാജ്യത്തെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.