പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിയുടെ വിരലുകൾ മുറിച്ചുമാറ്റി; ജാതി ആക്രമണമെന്ന് കുടുംബം

ചെന്നൈ: പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ ആക്രമണം. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘമാണ് ആക്രമിച്ച് വിരലുകൾ മുറിച്ചുമാറ്റിയത്. 11ാം ക്ലാസ് വിദ്യാർഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴാണ് ആക്രമണം നടന്നത്.

മൂന്ന് പേർ ബസ് തടഞ്ഞുനിർത്തി, ദേവേന്ദ്രനെ ബസിൽ നിന്ന് വലിച്ചിറക്കി ഇടതുകൈയുടെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു. പിതാവ് തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചു. തലക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. മറ്റ് യാത്രക്കാർ ഇടപെട്ടപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ദേവേന്ദ്രനെ ശ്രീവൈകുണ്ഡം സർക്കാർ ആശുപത്രിയിലേക്കും പിന്നീട് തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്കും കൊണ്ടുപോയി. വിരലുകൾ വീണ്ടും ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കി. അരിയാനയഗപുരം എന്ന ഗ്രാമത്തിലെ ഇഷ്ടിക ചൂളയിലെ തൊഴിലാളിയായിരുന്നു തങ്ക ഗണേഷ്.

ആക്രമണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ദേവേന്ദ്രന്റെ കുടുംബം പറയുന്നത്, അടുത്തിടെ നടന്ന ഒരു കബഡി മത്സരത്തിൽ എതിർ ടീമിനെ പരാജയപ്പെടുത്തുന്നതിൽ ദേവേന്ദ്രൻ നിർണായക പങ്കുവഹിച്ചിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടാണ് ഈ ക്രൂരതയെന്നാണ്. ദേവേന്ദ്രൻ മികച്ച കബഡി കളിക്കാരനാണെന്ന് പറയപ്പെടുന്നു. ദലിത് കുട്ടിയെന്ന നിലയിൽ കബഡിയിൽ തിളങ്ങുന്നതിൽ ഉന്നത ജാതിയിൽ​പ്പെട്ടവർ അസ്വസ്ഥരായിരുന്നുവെന്ന് പറയുന്നു. തേവർ സമുദായത്തിൽപ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്ന് തങ്ക ഗണേഷ് പറഞ്ഞു.

ഞങ്ങൾ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരാണെന്നും നീതി ലഭിക്കണമെന്നും ദേവേ​ന്ദ്രന്റെ അമ്മാവൻ സുരേഷ് പറഞ്ഞു. പട്ടിക ജാതിയിൽ​പ്പെട്ടവർ ജീവിതത്തിൽ ഉയർന്നുവരാൻ അവർ ആഗ്രഹിക്കുന്നില്ല. ദേവേന്ദ്രൻ നന്നായി പഠിക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഉയരുന്നത് എന്തിനാണ് അവർ വെറുക്കുന്നത്? അവരെല്ലാം 11-ാം ക്ലാസിൽ പഠിക്കുന്നവരാണ്. പിന്നിൽ പ്രവർത്തിക്കുന്ന ആരോ ആണ് അവർക്ക് ഇങ്ങനെ പെരുമാറാൻ ധൈര്യം നൽകിയതെന്നും സുരേഷ് പറഞ്ഞു.

Tags:    
News Summary - Fingers of Dalit student on his way to exam chopped, family says caste violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.