സാമ്പത്തിക തട്ടിപ്പിൽ നടി ജാക്വിലിൻ ഫെർണാണ്ടസ് പ്രതി

ന്യൂഡൽഹി: സാമ്പത്തികതട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതിചേർത്തു. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി ഡൽഹിയിലെ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കേസിൽ നടിയെ ഇ.ഡി പലതവണ ചോദ്യംചെയ്തിരുന്നു. ഇവരുടെ 7.27 കോടിയുടെ സ്വത്തും 15 ലക്ഷം രൂപയും എൻഫോഴ്സ്​മെൻറ് കണ്ടുകെട്ടിയിരുന്നു.

സുകേഷ് ചന്ദ്രശേഖർ ഭീഷണിപ്പെടുത്തിയും മറ്റ് കുറ്റകൃത്യത്തിലൂടെയും തട്ടിയെടുത്ത പണത്തിൽ നിന്ന് 5.71 കോടിയുടെ സമ്മാനങ്ങൾ ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതി പിങ്കി ഇറാനി മുഖേനയാണ് നടിക്ക് സമ്മാനങ്ങൾ നൽകിയത്. സമ്മാനങ്ങൾക്കു പുറമേ നടിയുടെ ബന്ധുക്കൾക്ക് 1.3 കോടിയും നൽകി. നടിയുടെ വെബ്സീരീസിന് കഥയെഴുതാൻ സുകേഷ് ചന്ദ്രശേഖർ 15 ലക്ഷം രൂപ മുൻകൂറായി നൽകിയിരുന്നു.

ഫോർട്ടിസ് ഹെൽത്ത് കെയർ ഉടമയായിരുന്ന ശിവിന്ദർ മോഹൻ സിങ്ങി​ന്റെ ഭാര്യ അദിതി സിങ്ങിൽ നിന്ന് ആൾമാറാട്ടം നടത്തി കബളിപ്പിച്ച പണം ഉൾപ്പെടെ ഉപയോഗിച്ചാണ് സുകേഷ് ചന്ദ്രശേഖർ നടിക്ക് സമ്മാനങ്ങൾ വാങ്ങിയതെന്നും ഇ.ഡി പറയുന്നു. സുകേഷിൽനിന്ന് സമ്മാനങ്ങൾ സ്വീകരിച്ചതായി ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. കേസിൽ ചന്ദ്രശേഖർ, ഭാര്യയും മലയാളിയുമായ ലീന മരിയ പോൾ, പിങ്കി ഇറാനി തുടങ്ങിയവർ ഉൾപ്പെടെ എട്ടുപേരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Financial fraud: Actress Jacqueline Fernandez has also been accused by ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.