ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽ.ഐ.സി) പണം എടുത്ത് അദാനി ഗ്രൂപ്പിനെ കടക്കെണിയിൽനിന്നും രക്ഷിക്കാൻ ധനകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്‌കരിച്ചതായി വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. അദാനിയുടെ നിയന്ത്രണങ്ങളിലുള്ള കമ്പനികളിൽ എൽ.ഐ.സിയുടെ 390 കോടി ഡോളർ (ഏകദേശം 33,000 കോടി രൂപ) നിക്ഷേപിപ്പിക്കാനാണ് സർക്കാർ പദ്ധതി. ഇതിന്റെ ആദ്യഘട്ട നിക്ഷേപങ്ങൾ മേയിൽ തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.
ധനകാര്യ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, എൽ.ഐ.സി, നിതി ആയോഗ് എന്നിവർ അദാനി ഗ്രൂപ് ബോണ്ടുകളിലേക്കും ഇക്വിറ്റിയിലേക്കും കോടിക്കണക്കിന് നിക്ഷേപം നടത്താൻ തീരുമാനിച്ചതായുള്ള രേഖകൾ ലഭ്യമായിട്ടുണ്ട്.എൽ.ഐ.സിയുടെ പണം അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിലും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിലുമായി നിക്ഷേപിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
കഴിഞ്ഞ മേയിൽ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സ് 15 വർഷകാലാവധിയുള്ള 5,000 കോടി രൂപയുടെ കടപ്പത്രങ്ങൾ (എൻ.സി.ഡി) പുറത്തിറക്കിയപ്പോൾ വാങ്ങിയത് എൽ.ഐ.സി മാത്രമായിരുന്നു. അദാനിക്ക് ഡോളറിൽ തീർക്കേണ്ട കടബാധ്യതകൾക്കായി പണം ആവശ്യമായിരുന്ന സമയത്തായിരുന്നു എൽ.ഐ.സി നിക്ഷേപമെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
യു.എസിൽ കൈക്കൂലി, തട്ടിപ്പ് കേസുകള്‍ നേരിടുന്ന അദാനി ഗ്രൂപ്പിന്റെ കടങ്ങള്‍ അടുത്ത കാലത്ത് വർധിക്കുകയും കുടിശ്ശികയുടെ കാലാവധി തീരുകയും ചെയ്തിരുന്നു. അമേരിക്കയിലെ കേസ് മൂലം ദീര്‍ഘകാലമായി വായ്പകള്‍ നല്‍കുന്ന യു.എസ്, യൂറോപ്യന്‍ ബാങ്കുകൾ സഹായിക്കാന്‍ മടിക്കുകയാണ്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്ന ഗൗതം അദാനിക്കുവേണ്ടി സർക്കാറിന്റെ കൈത്താങ്ങ് ലഭിച്ചെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് നിഷേധിച്ച് എൽ.ഐ.സിയും അദാനിയും രംഗത്തുവന്നു. ഇത് അടിസ്ഥാനരഹിത വാർത്തയാണെന്നും റിപ്പോർട്ടിൽ പറയുന്നതുപോലെ ഒരു നിക്ഷേപ പദ്ധതിയും തയാറാക്കിയിട്ടില്ലെന്നും എൽ.ഐ.സി വ്യക്തമാക്കി. നിക്ഷേപ തീരുമാനങ്ങൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതിയോടെ സ്വതന്ത്രമായാണ് എടുക്കുന്നത്. കേന്ദ്രസർക്കാറോ ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവിസസോ അതിൽ ഇടപെടാറില്ലെന്നും എൽ.ഐ.സി വാർത്തക്കുറിപ്പിൽ അറിയിച്ചു. റിപ്പോർട്ട് അവാസ്തവമാണെന്ന് അദാനി ഗ്രൂപ്പും വ്യക്തമാക്കി.
അദാനിക്കുവേണ്ടി എൽ.ഐ.സിയെ കേന്ദ്രം ദുരുപയോഗം ചെയ്തത് ഗുരുതരമായ വിഷയമാണെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി) അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.