ചെന്നൈ: അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നു. ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കാനിരിക്കെ 18, 20 തീയതികളിലാണ് രാഹുൽ സംസ്ഥാനത്തെത്തുക. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രി സ്റ്റാലിനുമായി വേദി പങ്കിടില്ലെന്നാണ് സൂചന. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിന്റെ പ്രചാരണത്തിന് രാഹുൽ ഗാന്ധി എത്താത്തത് വിവാദത്തിന് കാരണമായിരുന്നു.
രാഹുൽ ഗാന്ധിയും തമിഴ്നാട്ടിലെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും ഡി.എം.കെ സഖ്യം വിട്ട് നടൻ വിജയ് യുടെ തമിഴക വെട്രി കഴകവുമായി (ടി.വി.കെ) ബന്ധമുണ്ടാക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ, സ്റ്റാലിനും കനിമൊഴിയും മുൻകൈയെടുത്ത് രാഹുൽ ഗാന്ധിയെ മറികടന്ന് സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ സ്വാധീനിച്ച് കോൺഗ്രസിനെ ഡി.എം.കെ സഖ്യത്തിൽതന്നെ നിലനിർത്തുകയായിരുന്നു. ഇതോടെ കടുത്ത അതൃപ്തിയിലായ രാഹുൽ ഗാന്ധി തമിഴകത്തെ പ്രചാരണരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിന് എത്തിയില്ല. ഇത് ചൂണ്ടിക്കാട്ടി വിജയ് ഉൾപ്പെടെയുള്ള എതിരാളികൾ വിമർശനവുമായി മുന്നോട്ടുവന്നിരുന്നു.
മുൻ തെരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയും സ്റ്റാലിനും ഒരേ വേദിയിൽ നിരവധി തവണ പ്രചാരണം നടത്തിയത് മുന്നണിക്ക് ആത്മവിശ്വാസം പകർന്നിരുന്നു. ഇത്തവണ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് സീറ്റുകൾ കൂടുതലായി കോൺഗ്രസിന് അനുവദിച്ചിട്ടുണ്ട്. 28 നിയമസഭ സീറ്റുകളും ഒരു രാജ്യസഭ സീറ്റുമാണ് നൽകിയത്.
തമിഴ്നാട് കോൺഗ്രസ് നേതൃത്വം കടുത്ത സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ വരവ്. ശനിയാഴ്ച പൊന്നേരി, സോളിങ്കർ, തുറയൂർ നിയമസഭ മണ്ഡലങ്ങളിലാണ് അദ്ദേഹം പ്രചാരണം നടത്തുക. 20ന് നാങ്കുനേരി, ശ്രീവൈകുണ്ഠം, കുളച്ചൽ മണ്ഡലങ്ങളിലും എത്തും. എൻ.ഡി.എക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മൂന്നും നാലും തവണ സംസ്ഥാനത്തെത്തി.
അതേസമയം, രാഹുൽ ഗാന്ധി അവസാനഘട്ടത്തിൽ ആറിടങ്ങളിൽ മാത്രമാണ് പ്രചാരണം നടത്തുന്നത്. ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനുമൊന്നിച്ച് രാഹുൽ വേദി പങ്കിടാത്തതും ചർച്ചയായിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പൊടുന്നനെയുള്ള സന്ദർശനമായതിനാൽ നേരത്തേ നിശ്ചയിച്ച സ്റ്റാലിന്റെ പ്രചാരണ പരിപാടികളിൽ മാറ്റംവരുത്താനാവില്ലെന്നാണ് ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.