ന്യൂഡൽഹി: അഞ്ചാംതലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ (എ.എം.സി.എ) പദ്ധതി നിർവഹണ മാതൃകക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം. ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളെക്കൂടി ഉൾപ്പെടുത്തിയാണ് വിമാനം നിർമിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
മുൻകാലങ്ങളിൽ സമാനമായ പദ്ധതികൾ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ) നേരിട്ട് കൈമാറുകയായിരുന്നു പതിവ്. എന്നാൽ, ഇത്തവണ കരാർ ലഭിക്കുന്നതിന് സ്വതന്ത്രമായോ, സ്വകാര്യ കമ്പനികളുമായി ചേർന്നോ എച്ച്.എ.എല്ലിന് ലേലത്തിൽ പങ്കെടുക്കേണ്ടിവരും.
ഇതോടെ, മേഖലയിൽ എച്ച്.എ.എല്ലിന് നിലവിലുള്ള മേധാവിത്വം കുറയുമെന്നാണ് വിലയിരുത്തൽ. എന്നാൽ, പ്രതിരോധ രംഗത്ത് തദ്ദേശീയമായ സ്വകാര്യ പങ്കാളിത്തം മത്സരാധിഷ്ഠിത രീതിയിൽ അനുവദിക്കുന്നത് മേഖലയുടെ വളർച്ചക്ക് കൂടുതൽ ഗുണകരമാവുമെന്നാണ് സർക്കാർ നിലപാട്.
പ്രതിരോധ ഗവേഷണ വികസന ഏജൻസിക്ക് (ഡി.ആർ.ഡി.ഒ) കീഴിൽ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയാണ് (എ.ഡി.എ) വിമാനം രൂപകൽപന ചെയ്യുന്നത്. തുടർന്ന് വ്യവസായ പങ്കാളിത്തത്തോടെ മാതൃക നിർമിക്കും. ഇതിനായി വരുംദിവസങ്ങളിൽ താൽപര്യപത്രം ക്ഷണിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
25 ടൺ ഭാരമുള്ള ഇരട്ട എൻജിൻ വിമാനമായിരിക്കും എ.എം.സി.എ. റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിൽ പ്രവർത്തിക്കുന്നതിനൊപ്പം ശത്രുവിമാനങ്ങളെ കണ്ടെത്തി വെടിവെക്കാൻ നൂതന സെൻസറുകളും ആയുധങ്ങളും വിമാനത്തിൽ സജ്ജീകരിക്കാനാവും. 15,000 കോടി രൂപയോളമാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. അഞ്ച് ഘട്ടങ്ങളായി വിമാനത്തിന്റെ മാതൃകകൾ നിർമിച്ച് ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച ശേഷമാവും സൈനിക വിന്യാസത്തിനായി പുറത്തിറക്കുക. 10 വർഷത്തിനുള്ളിൽ പുറത്തിറക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.