Kargil war veteran Tsewang Tharchin
സൈന്യത്തിൽനിന്ന് നേരത്തേ വിരമിച്ച് ടെക്സ്റ്റൈൽ കട നടത്തുകയായിരുന്നു 46കാരനായിരുന്ന സെവാങ് താർച്ചിൻ. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് സെവാങ്. ലഡാക്കിന്റെ സംസ്ഥാന പദവിയും ഗോത്രവർഗ വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബർ 24ന് നടന്ന പ്രതിഷേധ സമരത്തിൽ സെവാങും പങ്കെടുത്തു. പിന്നീട് അദ്ദേഹത്തെ കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചില്ല. ഭയചകിതരായി കഴിയുന്നതിനിടെയാണ് സെവാങിന്റെ മരണവാർത്ത അറിയുന്നത്. ലെയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള സാബൂ ഗ്രാമത്തിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം എത്തിച്ചിട്ടുണ്ട്. ലെയിൽ കർഫ്യൂ നിലനിൽക്കുന്നതിനാൽ മൃതദേഹം തിങ്കളാഴ്ച സംസ്കരിച്ചു.
സിയാങിനെ പോലെ എട്ട് വിമുക്ത ഭടൻമാരും സെപ്റ്റംബർ 10 മുതൽ ലെ അപെക്സ് ബോഡി നടത്തുന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തിരുന്നു. അതിൽ സെവാങ് ഉൾപ്പെടെ നാലുപേർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞാഴ്ച പ്രതിഷേധക്കാർക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് ഇവർ കൊല്ലപ്പെട്ടത്. ബുള്ളറ്റുകളിലൊന്ന് നെഞ്ചിൽ തുളച്ചുകയറിയാണ് സെവാങ് മരണപ്പെട്ടത്.
1996 മുതൽ 2017 വരെ കരസേനയുടെ പ്രത്യേക പർവത കാലാൾപ്പട റെജിമെന്റായ ലഡാക്ക് സ്കൗട്ട്സിൽ ഹവിൽദാറായി താർച്ചിൻ സേവനമനുഷ്ഠിച്ചിരുന്നു. കാർഗിൽ യുദ്ധത്തിലെ നിർണായക യുദ്ധമായ ടോളോലിംഗ് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു.
സെവാങിന്റെ പിതാവ് സ്റ്റാൻസിൻ നംഗ്യാലും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടനാണ്. കരസേന മേധാവിയിൽ നിന്ന് പ്രത്യേക അഭിനന്ദനവും നേടിയെടുത്തിരുന്നു അദ്ദേഹം.
കൊല്ലപ്പെടുന്നതിന് മുമ്പ് സെവാങ് ക്രൂരമായ മർദനത്തിന് ഇരയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. അതിന്റെ പാടുകളുണ്ട് ശരീരത്തിൽ. മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കാർഗിൽ യുദ്ധ വേളയിൽ പാക് സൈനികർ തന്റെ മകനെ കൊന്നില്ലെന്നും എന്നാൽ സ്വന്തം നാട്ടിലെ പട്ടാളക്കാരുടെ വെടിയേറ്റ് മരിക്കാനായിരുന്നു അവന്റെ നിയോഗമെന്നും പിതാവ് വിലപിക്കുന്നു.
''ദേശസ്നേഹിയായിരുന്നു എന്റെ മകൻ. കാർഗിൽ യുദ്ധത്തിൽ അവൻ പോരാടി. മൂന്നുമാസം യുദ്ധത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. ദാഹ് ടോപിലും ടോളോലിങിലും അവൻ പാകിസ്താനികളെ ധീരമായി നേരിട്ടു. പാക് സൈനികർ അവനെ കൊലപ്പെടുത്തിയില്ല. എന്നാൽ നമ്മുടെ സേന അവന്റെ ജീവനെടുത്തു''ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ സെവാങിന്റെ പിതാവ് പറഞ്ഞു.
2002ലാണ് നംഗ്യാൽ സുബേദാർ മേജററും ഹോണററി ക്യാപ്റ്റനുമായി സൈന്യത്തിൽ നിന്ന് വിരമിച്ചത്.
അച്ഛനും മകനും ഒരുമിച്ചാണ് കാർഗിൽ യുദ്ധത്തിൽ പോരാട്ടം നയിച്ചത്. നംഗ്യാൽ 3ഇൻഫാൻട്രി ഡിവിഷനിലും സിയാങ് ലഡാക് സ്കൗട്ടിന്റെയും ഭാഗമായാണ് പോരാടിയത്. മൂന്നുതവണ സിയാങ് സിയാച്ചിനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിയാങിന്റെ മക്കൾ സൈനിക സ്കൂളിലാണ് പഠിക്കുന്നത്. അവരും സൈന്യത്തിൽ ചേരണമെന്നാണ് സിയാങ് ആഗ്രഹിച്ചത്. സൈനിക രക്തമാണ് ഞങ്ങളുടെ സിരകളിലൂടെ ഓടുന്നത്. എന്നിട്ടും നമ്മുടെ സർകാർ ദേശസ്നേഹികളായ ഞങ്ങളോട് ഇങ്ങനെയൊരു ക്രൂരതയാണ് കാണിച്ചത്-നംഗ്യാൻ പറയുന്നു.
ഭാര്യയെയും നാലു മക്കളെയും അനാഥരാക്കിയാണ് സെവാങിന്റെ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.