ആശാറാമിന്റെ ജാമ്യ ഹരജിയെ എതിര്‍ത്ത് ബലാത്സംഗ ഇരയുടെ പിതാവ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ഇരയുടെ പിതാവ് സുപ്രീംകോടതിയില്‍. ആശാറാമിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇരയുടെ പിതാവും എതിര്‍പ്പുമായി എത്തിയിരിക്കുന്നത്.

ഏറെ സ്വാധീനവും രാഷ്ട്രീയ ബന്ധവുമുള്ള ആശാറാമിന്റെ ആരാധകര്‍ മകളെയും തന്റെ കുടുംബത്തെയും കൊല്ലുമെന്ന് പേടിയുണ്ടെന്ന് ഇരയുടെ പിതാവ് പറഞ്ഞു. നേരത്തെ കേസിലെ ദൃസാക്ഷിയെ കൊന്ന വാടകകൊലയാളി കാര്‍ത്തിക് ഹല്‍ദാര്‍, ആശാറാം ആവശ്യപ്പെട്ടതു പ്രകാരമാണ് ചെയ്തതെന്ന് പൊലീസില്‍ സമ്മതിച്ചതാണ് -ജാമ്യ ഹരജിയെ എതിര്‍ത്തുള്ള അപേക്ഷയില്‍ പിതാവ് ചൂണ്ടിക്കാട്ടി.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ബലാത്സംഗ കേസിലെ ജീവപര്യന്തം തടവ് മരവിപ്പിക്കണമെന്നാണ് ആശാറാമിന്റെ ആവശ്യം. നിലവില്‍ ജോധ്പൂരിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആശാറം, ആരോഗ്യനില മെച്ചപ്പെടുത്താന്‍ ഉത്തരാഖണ്ഡിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, ആശാറാമിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ചികിത്സയുടെ മറവില്‍ കസ്റ്റഡിയിലെ സ്ഥലംമാറ്റാന്‍ ശ്രമിക്കുകയാണെന്നും ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്നും എതിര്‍പ്പറിയിച്ച സത്യവാങ്മൂലത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നു. അറസ്റ്റിലായ ദിവസം മുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രതി പറയുന്നതെന്നും, ഡോക്ടറുടേതെന്ന പേരിലെ സര്‍ട്ടിഫിക്കറ്റ് ഒരിക്കല്‍ തെറ്റാണെന്ന് പോലും കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.

Tags:    
News Summary - father of rape survivor opposing bail plea of Asaram Bapu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.