?????????? ?????? ???????? ??????? ??? ?????

ജയയുടെ 'വേദനിലയം': അവകാശ തർക്കം കോടതി കയറുമെന്ന്

ചെന്നൈ: കഴിഞ്ഞ 25 വർഷമായി തമിഴ്നാട് രാഷ്ട്രീയത്തിലെ അധികാര കേന്ദ്രമായിരുന്ന ജയലളിതയുടെ പേയസ് ഗാർഡനിലെ വസതി സംബന്ധിച്ച അവകാശ തർക്കം നിയമ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് റിപ്പോർട്ട്. പേയസ് ഗാർഡനിലെ 81ാം നമ്പർ വസതിയായ വേദനിലയത്തിന്‍റെ അവകാശി ആരാണെന്ന ചോദ്യമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ജയലളിതയുടെ തോഴി ശശികല നടരാജൻ, ജയലളിതയുടെ ബന്ധു ദീപ ജയകുമാർ, അവരുടെ സഹോദരൻ ദീപക് ഇവരിൽ ആരാകും 24,000 ചതുരശ്രഅടിയുള്ള ബംഗ്ലാവ് ഉൾപ്പെടുന്ന സ്വത്തിൽ അവകാശം ഉന്നയിക്കുക.

മുമ്പ് എം.ജി.ആറിന്‍റെ മരണ ശേഷം അദ്ദേഹം താമസിച്ചിരുന്ന ചെന്നൈ രാമപുരത്തെ വസതി സംബന്ധിച്ച അവകാശ തർക്കം വർഷങ്ങൾ നീണ്ടു നിന്നിരുന്നു. സ്വത്തുക്കൾ നോക്കി നടത്തുന്നതിനായി ഈയിടെയാണ് മദ്രാസ് ഹൈകോടതി അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. ജയയുടെ മ-ൃതദേഹം മറീന ബീച്ചിലെ എം.ജി.ആർ സമാധിക്ക് സമീപം സംസ്കരിച്ച ശേഷം തോഴി ശശികല മടങ്ങിയത് പേയസ് ഗാർഡനിലെ േവദനിലയത്തിലേക്കാണ്. സിനിമ താരങ്ങളടക്കം പ്രമുഖർ താമസിക്കുന്ന പേയസ് ഗാർഡനിലെ ജയയുടെ ഭൂമിക്കും കെട്ടിടത്തിനും 90 കോടി രൂപ വിപണി വിലയാണ് റിയൽ എസ്റ്റേറ്റുകാർ നിശ്ചിക്കുന്നത്.

1967ൽ ജയയുടെ മാതാവ് സന്ധ്യ 1.32 ലക്ഷം രൂപക്കാണ് പേയസ് ഗാർഡനിലെ വസതി വാങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ വരണാധികാരിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 118.56 കോടി രൂപയുടെ സ്വത്തുവകകൾ ഉണ്ടെന്ന് ജയ വ്യക്തമാക്കിയിരുന്നു. ഇതിൽ പേയസ് ഗാർഡനിലെ വസതിക്ക് 43.96 കോടിയാണ് വില നിശ്ചയിച്ചിട്ടുള്ളത്. കോടനാടിലെ രണ്ട് എസ്റ്റേറ്റുകളിൽ 3.33 കോടിയുെടയും ശശികല എന്‍റർപ്രൈസസിൽ 20.12 ലക്ഷം രൂപയുടെയും റോയൽ വാലി ഫ്ളോറിടെക് എക്സ്പോർട്ട്സിൽ 40.14 ലക്ഷം രൂപയുടെയും നിക്ഷേപവുമുണ്ട്.

ഹൈദരാബാദിലെ ശ്രീനഗർ കോളനിയിലെ വസ്തുവിന് 13.34 കോടിയും രംഗറെഡ്ഡി ജില്ലയിലെ 14.5 ഏക്കർ കൃഷിയിടത്തിന് 14.44 കോടിയും വില  സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുണ്ട്. എന്നാൽ, ഈ വസ്തുക്കൾക്ക് നിലവിൽ 100 കോടിയിലധികം രൂപയാണ് വിപണി മൂല്യം. അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത ഉൾപ്പെട്ടതോടെ പ്രത്യേക കോടതി ഈ സ്ഥലങ്ങളുടെ ക്രയവിക്രയങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.  

കൂടാതെ ചെന്നൈ നഗരത്തിലെ വിവിധ ബാങ്കുകളിലായി 10.63 കോടി രൂപയും മൂന്നു കോടി രൂപ വില വരുന്ന 1250 കിലോഗ്രാം വെള്ളിയും ജയ നിക്ഷേപിച്ചിട്ടുണ്ട്. ഇതല്ലാതെ ജയയുടെ വീട്ടിൽ നിന്ന് നേരത്തെ പിടിച്ചെടുത്ത സ്വർണം, വെള്ളി ആഭരണങ്ങൾ കോടതിയുെട കസ്റ്റഡിയിലാണ്. ജയക്കെതിരായ അനധികൃത സ്വത്ത് സമ്പാദനകേസ് 2017 ജൂൺ ഏഴിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

Tags:    
News Summary - Fate of Jaya's residence hangs in legal balance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.