കേന്ദ്രം ചർച്ചക്ക് സമ്മതിച്ചു; നിരാഹാരസമരം തുടരുന്ന കർഷക നേതാവ് വൈദ്യ സഹായം സ്വീകരിക്കാൻ തയാറായി

ചണ്ഡീഗഢ്: ഫെബ്രുവരി 14ന് കർഷകരുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന അറിയിപ്പ് ലഭിച്ചതോടെ, നിരാഹാരസമരം തുടരുന്ന കർഷക നേതാവ് ജഗജിത് സിങ് ദല്ലേവാൾ വൈദ്യ ചികിത്സ സ്വീകരിക്കാൻ സമ്മതമറിയിച്ചു. 54 ദിവസം നീണ്ട നിരാഹാര സത്യഗ്രഹം ദല്ലേവാളിന്റെ ആരോഗ്യം അത്യന്തം മോശമായിരുന്നു. എന്നാൽ കർഷകർക്ക് കേന്ദ്രസർക്കാറിൽ നിന്ന് ഒരുറപ്പും ലഭിക്കാതെ ആരോഗ്യം ക്ഷയിച്ച് മരിക്കേണ്ടി വന്നാലും വൈദ്യസഹായം തേടില്ലെന്നായിരുന്നു ദല്ലേവാളിന്റെ നിലപാട്.

എന്നാൽ കേന്ദ്രം കൂടിക്കാഴ്ചക്ക് സമ്മതിച്ചതോടെ വൈദ്യസഹായം തേടാൻ സമ്മതിച്ചെങ്കിലും നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാൻ അദ്ദേഹം തയാറായിട്ടില്ല. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നത് വരെ സമരം പിൻവലിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനമെന്ന് മറ്റൊരു കർഷക നേതാവായ സുഖ്ജിത് സിങ് ഹര്ദ്ജഹ്ദെ പറഞ്ഞു.

ജോയിൻ്റ് സെക്രട്ടറി പ്രിയരഞ്ജൻ്റെ നേതൃത്വത്തിലുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സംഘം ദല്ലേവാളുമായും സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം വൈദ്യസഹായം സ്വീകരിക്കാൻ സമ്മതിച്ചത്. കഴിഞ്ഞ 11 മാസമായി കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയാണ് ​ദല്ലേവാൾ.

ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണിക്ക് ചണ്ഡീഗഡിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ നടക്കുന്ന നിർദ്ദിഷ്ട യോഗത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വൈദ്യസഹായം സ്വീകരിക്കാൻ കേന്ദ്രത്തിന്റെ പ്രതിനിധി ദല്ലേവാളിനോട് അഭ്യർഥിക്കുകയായിരുന്നു. ദല്ലേവാളിന്റെ ആരോഗ്യനില വഷളായത് കണക്കിലെടുത്താണ് കേന്ദ്രം ഉന്നതതല സംഘത്തെ അയച്ചതെന്ന് ഖനൗരി പ്രതിഷേധ സ്ഥലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രഞ്ജൻ പറഞ്ഞു.

ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകാമെന്ന നിലപാടാണ് കർഷകരോട് സർക്കാർ അറിയിച്ചിട്ടുള്ളത്. 

Tags:    
News Summary - Fasting Farm Leader Jagjit Dallewal Takes Medical Aid As Centre Agrees For Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.