ഫാറൂഖ് അബ്ദുല്ലയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവും എം.പിയുമായ ഫാറൂഖ് അബ്ദുല്ലയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് പൊതുസുരക്ഷാ നിയമപ്രകാരം ഇദ്ദേഹത്തെ തടവിലാക്കിയത്. സബ്-ജയിലായി പ്രഖ്യാപിച്ച ശ്രീനഗറിലെ സ്വന്തം വീട്ടിലാണ് ഫാറൂഖ് അബ്ദുല്ലയെ പാർപ്പിച്ചിരിക്കുന്നത്.

പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. തുടർന്ന്, ഈ മാസം ആദ്യം കത്തിലൂടെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷമായ വിമർശനമുയർത്തിയിരുന്നു.

കോൺഗ്രസ് എം.പി ശശി തരൂർ കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തങ്ങളാരും ക്രിമിനലുകളല്ലെന്നും പാർലമെന്‍റിലെ മുതിർന്ന അംഗമെന്ന നിലയ്ക്കും രാഷ്ട്രീയ പാർട്ടി നേതാവെന്ന നിലയ്ക്കുമുള്ള പരിഗണന ഇത്തരത്തിലാവരുതെന്നും ഫാറൂഖ് അബ്ദുല്ല കത്തിൽ പറഞ്ഞിരുന്നു.

പൊതു സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ വിചാരണകൂടാതെ രണ്ട് വർഷം വരെ തടവിലിടാം. തീവ്രവാദികൾക്കും വിഘടനവാദികൾക്കും എതിരെയാണ് ഈ നിയമം പ്രയോഗിക്കാറ്. എന്നാൽ, രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവും എം.പിയും മൂന്ന് തവണ മുഖ്യമന്ത്രിയുമായ വ്യക്തിക്കെതിരെ ഈ നിയമം പ്രയോഗിക്കുന്നത്.

ഫാറൂഖ് അബ്ദുല്ലയുടെ മകനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി എന്നിവരടക്കം നിരവധി രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും തടവിൽ കഴിയുകയാണ്.

Tags:    
News Summary - Farooq Abdullah's Detention In Jammu And Kashmir Extended For 3 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.