ഫാറൂഖ് അബ്ദുല്ലയും പിന്മാറി; പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി നിർണയം അനിശ്ചിതത്വത്തിൽ

ശ്രീനഗർ: എൻ.സി.പി അധ്യക്ഷൻ ശരദ്പവാറിന്‍റെ പിന്മാറ്റത്തിന് പിന്നാലെ സംയുക്ത പ്രതിപക്ഷത്തിന് വൻ തിരിച്ചടിയായി രാഷ്ട്രപതി സ്ഥാനാർഥി പട്ടികയിൽനിന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയും പിന്മാറി.

കൂടുതൽ സജീവ രാഷ്ട്രീയ പ്രവർത്തനമാണ് തനിക്ക് മുന്നിലുള്ളതെന്നും നിലവിലെ നിർണായകഘട്ടത്തിൽ കേന്ദ്രഭരണ പ്രദേശത്തെ നയിക്കാൻ കൂടുതൽ സംഭാവന നൽകാനാണ് ആഗ്രഹമെന്നും നിലവിൽ ലോക്സഭാംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി.

'സ്ഥാനാർഥിപ്പട്ടികയിൽ തന്റെ പേര് പരിഗണനക്ക് വന്നതുമുതൽ പ്രതിപക്ഷ പാർട്ടികളിൽനിന്ന് നിരവധിപേർ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. വിഷയം പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും കുടുംബവുമായും ചർച്ച ചെയ്തു. രാഷ്ട്രപതി സ്ഥാനാർഥിയായി തന്റെ പേര് നിർദേശിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോടും സംയുക്ത പ്രതിപക്ഷ അംഗങ്ങളോടും നന്ദിയുണ്ട്. എന്നാൽ, ജമ്മു-കശ്മീർ കടന്നുപോകുന്നത് ഏറെ നിർണായക ഘട്ടത്തിലൂടെയാണ്. അനിശ്ചിതത്വം നിറഞ്ഞ ഈ സമയം കശ്മീരിനെ നയിക്കാൻ തന്റെ സഹായം ആവശ്യമാണെന്നാണ് വിശ്വസിക്കുന്നത്.

ഈ സാഹചര്യത്തിൽ ഏറെ ബഹുമാനത്തോടെ പട്ടികയിൽനിന്ന് പിന്മാറുകയാണ്. എങ്കിലും സംയുക്ത പ്രതിപക്ഷത്തിനുള്ള എല്ലാ പിന്തുണയും തുടരും -ഫാറൂഖ് പ്രസ്താവനയിൽ വ്യക്തമാക്കി.

ജൂലൈയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രപതി സ്ഥാനാർഥിയായി സംയുക്ത പ്രതിപക്ഷം പരിഗണിച്ച പ്രമുഖരിൽ ഒരാളായിരുന്നു 84കാരനായ ഫാറൂഖ് അബ്ദുല്ല. കഴിഞ്ഞയാഴ്ച മമത ബാനർജി വിളിച്ചുചേർത്ത 17 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഫാറൂഖിന്റെ പേര് നിർദേശിക്കപ്പെട്ടത്. പശ്ചിമ ബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേരും മമത നിർദേശിച്ചിരുന്നു.

Tags:    
News Summary - Farooq Abdullah Declines To Be Opposition's Presidential Candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.