കര്‍ഷക പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക്; വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ സമരം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ പുറത്ത് സമരം തുടരും.

കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എല്ലാ ദിവസവും ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷ എം.പിമാരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 40 കര്‍ഷക സംഘടനകളില്‍ നിന്നും അഞ്ച് പേര്‍ വീതമാണ് ഓരോ ദിവസവും പാര്‍ലമെന്റിന് മുന്നില്‍ സമരത്തില്‍ അണിചേരുക. ജൂലൈ എട്ടിന് ഇന്ധന വിലവര്‍ധനക്കെതിരെ സമരത്തിനും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

ജൂലൈ 19 മുതല്‍ ആഗസ്റ്റ് 13 വരെയാണ് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നടക്കുക.

നേരത്തെ, കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ചിരുന്നു. ആറ് മാസത്തിലേറെയായി തുടരുന്ന സമരത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തി പ്രക്ഷോഭം ശക്തമാക്കാനുള്ള നീക്കം.

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ ഉറച്ച തീരുമാനം. അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ആവശ്യമെങ്കില്‍ ഭേദഗതിയാകാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നേരത്തെ, നിരവധി തവണ കര്‍ഷകരും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.


Tags:    
News Summary - Farmers' union to protest against farm laws outside Parliament throughout monsoon session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.