ബുന്ദേല്ഖണ്ഡില്നിന്ന് മഹാകൗശല്‍ മേഖലയിലേക്കുള്ള യാത്രക്കിടയിലാണ് കേന്ദ്രത്തിലെയും മധ്യപ്രദേശിലെയും സര്‍ക്കാറുകള്‍ക്കെതിരെ കർഷകർ ഒന്നടങ്കം തെരുവിലിറങ്ങി അറസ്റ്റ് വരിച്ച കേവ്ലാരി പൊലീസ് സ്റ്റേഷന് മുന്നിലെത്തുന്നത്. നരേന്ദ്ര മോദിയുടെ വാഗ്ദാനം വിശ്വസിച്ച് റാബി സീസണിലെ വിള ഇന്‍ഷുറന്‍സിനായി 3000 മുതല്‍ 5000 വരെ രൂപ അടച്ച ആയിരക്കണക്കിന് കർഷകരാണ് മധ്യപ്രദേശിൽ കബളിപ്പിക്കപ്പെട്ടതെന്ന് കേവ്ലാരിയിലെ കര്‍ഷക സമരത്തെ നയിച്ച ശിവ് ഭഗേല്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരി 15നാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ഉപയോഗിച്ച് പ്രീമിയം തുക അടച്ചത്. കാശ് അക്കൗണ്ടില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്പനിയിലെത്തിയോ എന്ന് ഉറപ്പുവരുത്താൻ പല കര്‍ഷകരും കേവ്ലാരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പോവുകയും ചെയ്തിരുന്നു. കാശടച്ച കര്‍ഷകര്‍ ഇനിയൊന്നും അറിയേണ്ടെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കുമെന്നുമായിരുന്നു ലഭിച്ച മറുപടി. മോദിയുടെ അഭിമാന പദ്ധതി എന്ന നിലയില്‍ പ്രത്യേക താല്പര്യമെടുത്ത് ബാങ്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട് എന്ന് ഹിമാചല്‍ പ്രദേശുകാരനായ മാനേജര്‍ ഗിരീഷ് പഞ്ച്വാള് കർഷകരോട് പറഞ്ഞിരുന്നു.
ഫെബ്രുവരി 13ന് കേവ്ലാരിയിൽ ഒട്ടുക്കും വിളനാശം സംഭവിച്ചു. പിറ്റേന്നുതന്നെ ഇന്‍ഷുറന്‍സ് തുകക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കർഷകർ ബാങ്കിലെത്തി തുടങ്ങിയതോടെ മാനേജര്‍ വിയര്‍ത്തു. കിസാൻ ക്രെഡിറ്റ് കാർഡിൽനിന്ന് പിടിച്ച കേവ്്ലാരിയിലെ 1310 കര്‍ഷകർ അടച്ച കാശ് ഇന്‍ഷുറൻസ് കമ്പനിയിലെത്തിയിട്ടില്ല. തുകയത്രയും ബാങ്കുകാർ അടിച്ചുമാറ്റി. വിവരമറിഞ്ഞ കർഷകർ ഫെബ്രുവരി 21ന് ബാങ്ക് ഉപരോധിച്ചു. ആയിരത്തോളം കര്‍ഷകര്‍ ഒന്നടങ്കം ഉപരോധത്തിന് പിന്തുണയുമായെത്തിയപ്പോള്‍ 26ന് സര്‍ക്കാര്‍ ഇടപെട്ടു. ജബല്‍പുരില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്പനിയുടെ അധികാരികള്‍ എത്തി. ബാങ്ക് തട്ടിയ പണം മാര്‍ച്ച് അഞ്ചിനകം തിരിച്ചടപ്പിച്ച് ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. തുടർന്ന് കർഷകർ ഉപരോധം അവസാനിപ്പിച്ചു
എന്നാല്‍, ഈ ഗ്രാമത്തിലെ 1310 കര്‍ഷകര്‍ക്കും ഇന്നുവരെ പണം തിരിച്ചുകിട്ടിയില്ല എന്നും മധ്യപ്രദേശിലെ നൂറുകണക്കിന് ഗ്രാമങ്ങളില്‍നിന്ന് ഇതേ തട്ടിപ്പുവിവരം പിന്നീട് പുറത്തുവന്നുവെന്നും ശിവ് ഭഗേൽ പറഞ്ഞു. താങ്ങുവില പോലും നല്‍കാതെ കഷ്ടപ്പെടുത്തുന്നതിനിടയില് കൈയിലുള്ളതുകൂടി ഇന്‍ഷുറന്‍സിെൻറ പേരില്‍ നരേന്ദ്ര മോദിയും ബി.ജെ.പിയും ചേര്‍ന്ന് അപഹരിച്ച ശേഷവും അവര്‍ക്കു വേണ്ടി ജയ് വിളിക്കാനും താമരക്ക മാത്രം വോട്ടുചെയ്യാനും കഴിയില്ലെന്ന് കൂടെയുണ്ടായിരുന്ന നരേഷ് ഭഗേല്‍ പറഞ്ഞു.
ഇത്രയും വലിയ കവര്‍ച്ചക്ക് മാേനജര് അടക്കം ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്ത് കേസ് എടുക്കുന്നതിനു പകരം അവരെ രക്ഷപ്പെടുത്തി ഞങ്ങളെ അറസ്റ്റിലും കേസിലും കുടുക്കുകയാണ് സര്‍ക്കാറും പൊലീസും ചെയ്തത്. കാര്‍ഷിക ഇന്‍ഷുറന്‍സ് ഒടുവിലത്തെ തട്ടിപ്പാകണമെങ്കിൽ കര്‍ഷകരെ കബളിപ്പിക്കാന്‍ ശിവരാജും മോദിയും ഇനിയൊരിക്കലും അധികാരത്തില്‍ വരരുത്. രാമക്ഷേത്രംകൊണ്ട് തങ്ങളുടെ കോടികള്‍ കവര്‍ന്നത് മറച്ചുപിടിക്കാന്‍ ആവില്ലെന്ന് രോഷംകൊണ്ട ഭഗേല്‍ ഈ അഞ്ചു വര്‍ഷവും ബി.ജെ.പി എവിടെയായിരുന്നുവെന്ന് ചോദിച്ചു. ഇതുവരെ ബി.ജെ.പിക്ക് വോട്ടു ചെയ്ത് ഇത്തവണ കോണ്‍ഗ്രസിന് വേണ്ടിയിറങ്ങിയ കര്‍ഷകരെ ഇതുകൊണ്ടൊന്നും പിന്തിരിപ്പിക്കാനാവില്ല. രാമക്ഷേത്രംകൊണ്ട് മായില്ല ഇൗ കർഷക രോഷമെന്നും നരേഷ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.