പ്രതീകാത്മക ചിത്രം

നാസിക്കിൽ കർഷകന്‍റെ പ്രതിഷേധം; 2,500 കിലോ ഉള്ളി എ.പി.എം.സി ഓഫീസിന് മുന്നിൽ തള്ളി

മഹാരാഷ്ട്രയിലെ നാസിക്കിൽ ഉള്ളി കർഷകന്‍റെ പ്രതിഷേധം. ലേലത്തിനായി ഒരു ദിവസം മുഴുവൻ കാത്തിരുന്നിട്ടും തന്റെ വിളകൾ പരിഗണിക്കപ്പെടാതെ വന്നതിനെത്തുടർന്ന് കർഷകൻ 2,500 കിലോയിലധികം ഉള്ളി നന്ദ്‌ഗാവ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി) കെട്ടിടത്തിന് പുറത്ത് തള്ളി പ്രതിഷേധിച്ചു.

സംഭവത്തെ തുടർന്ന് നന്ദ്ഗാവ് എ.പി.എം.സി ഓഫീസിന് മുന്നിൽ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണകൂടത്തിനും വ്യാപാരികൾക്കും എതിരെ മുദ്രാവാക്യം വിളിക്കുകയും മാർക്കറ്റ് കമ്മിറ്റിയെ പിരിച്ചുവിടണമെന്നാവശ്യപ്പെടുകയും ചെയ്തു. കമ്മിറ്റി പൂർണമായും പ്രവർത്തനരഹിതമായിരിക്കുകയാണെന്നും അവർ ആരോപിച്ചു.

മഹാരാഷ്ട്രയിലെ വിവിധ മാർക്കറ്റുകളിൽ ഉള്ളിവില കുത്തനെ ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്. സാധാരണ ഗുണമേന്മയുള്ള ഉള്ളിക്ക് ക്വിന്റലിന് 800 മുതൽ 1,000 രൂപ വരെയാണ് ലഭിക്കുന്നത്. എന്നാൽ ചെറിയ ഇനം ഉള്ളിക്ക് കിലോക്ക് വെറും 1 രൂപ മുതൽ 4 രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളുവെന്നും ഇത് കൃഷിച്ചെലവിനേക്കാളും ഗതാഗതച്ചെലവിനേക്കാളും വളരെ താഴെയാണെന്നും കർഷകർ പറയുന്നു.

വില ഇടിവിനെ തുടർന്ന് ആയിരക്കണക്കിന് ഉള്ളി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കൃഷിചെലവ് പോലും തിരിച്ചുപിടിക്കാനാകാത്ത സാഹചര്യമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം,  നന്ദ്ഗാവിലെ എ.പി.എം.സി പൂർണമായും തകരാറിലായെന്നും ഇപ്പോൾ പേരിന് മാത്രം ഉള്ള ഒരു സ്ഥാപനമായി മാറിയിരിക്കുകയാണെന്നും ഭരണപരമായ മേൽനോട്ടമൊന്നുമില്ലായെന്നും മഹാരാഷ്ട്ര സംസ്ഥാന ഉള്ളി കർഷക അസോസിയേഷൻ ആരോപിച്ചു. 

കർഷകർ സ്വന്തം വിധിക്കായി പോരാടേണ്ട അവസ്ഥയാണ്. അധികാരികൾ കണ്ണടച്ച് നിൽക്കുമ്പോൾ കർഷകർ ദുരിതമനുഭവിക്കുകയാണ്,' എന്ന് അസോസിയേഷൻ പ്രസിഡന്റ് ഭാരത് ദിഘോലെ പറഞ്ഞു. എന്നാൽ എ.പി.എം.സി പിരിച്ചുവിടുന്നത് പ്രശ്നപരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.“കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ലേലം നടത്തുക എന്ന അടിസ്ഥാന ഉത്തരവാദിത്വം പോലും എ.പി.എം.സി നിർവഹിക്കുന്നില്ലയെന്നും അതിനാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ പിരിച്ചുവിടുകയും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും വേണെമെന്നും സർക്കാർ നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് കമ്മിറ്റി നടത്തണം,” എന്നും ദിഘോലെ ആവശ്യപ്പെട്ടു.

Tags:    
News Summary - Farmer protests in Nashik; 2,500 kg of onions dumped in front of APMC office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.