സിംഘു അതിർത്തിയിൽ കർഷകൻ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകൻ തൂങ്ങിമരിച്ച നിലയിൽ. ബുധനാഴ്ച രാവിലെയാണ്​ പഞ്ചാബിലെ അമ്രോഹ്​ ജില്ലക്കാരനായ ഗുർപ്രീത്​ സിങ്ങിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​.

സിദ്ദുപൂരിലെ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ ജഗജീദ്​ സിങ്​ ദല്ലേവാൾ പക്ഷത്തുനിന്ന്​ സമരം ചെയ്​തിരുന്ന വ്യക്തിയായിരുന്നു ഗുർപ്രീത്​ സിങ്​. ഗുർപ്രീതിന്‍റെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി കുണ്ഡ്​ലി പൊലീസ്​ ആശുപത്രിയിലേക്ക്​ മാറ്റി. ഗുർപ്രീതിന്‍റെ മരണത്തിൽ അ​േന്വഷണം ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു. അതേസമയം, ഗുർപ്രീതിന്‍റെ മരണകാരണം പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞമാസം, ദലിത്​ ​യുവാവായ ലഖ്​ബീർ സിങ്ങിന്‍റെ മൃതദേഹം സിംഘു അതിർത്തിയിലെ പൊലീസ്​ സ്​ഥാപിച്ച ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. രാജ്യത്തുതന്നെ വലിയ കോലാഹലങ്ങൾക്ക്​ ഇടയാക്കിയ സംഭവമായിരുന്നു ഇത്​. ലഖ്​ബീറിന്‍റെ കൈകാലുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കൂടാതെ മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച്​ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

സംഭവത്തിൽ നിഹാംഗ്​ വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. രണ്ടുപേർ​ പൊലീസിൽ കീഴടങ്ങുകയും ചെയ്​തിരുന്നു.

2020 നവംബർ 26 മുതൽ കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിൽ പഞ്ചാബ്​, ഹരിയാന, യു.പി എന്നിവിടങ്ങളിലെ ആയിരക്കണക്കിന്​ കർഷകർ പ്രക്ഷോഭം തുടരുകയാണ്​. ​കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഏർപ്പെടുത്തണമെന്നുമാണ്​ കർഷകരുടെ ആവശ്യം. കേന്ദ്രസർക്കാറുമായി കർഷകർ 11 വട്ട ചർച്ചകൾ നടത്തിയിട്ടും ഫലം കണ്ടില്ല. 

Tags:    
News Summary - Farmer found hanging at Singhu border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.