ന്യൂഡൽഹി: ഡൽഹിയിലും ഹരിയാനയിലും നടത്തിയ നടന്ന റെയ്ഡുകളിൽ വൻതോതിൽ മായം ചേർത്ത നെയ്യ് പിടികൂടി. 2,651 ലിറ്റർ വ്യാജ നെയ്യാണ് ആകെ പിടിച്ചെടുത്തത്. രാകേഷ് ഗാർഗ്, മുകേഷ് എന്നീ രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തു. ജനപ്രിയ ബ്രാൻഡുകളുടെ ലേബലുകളിൽ പായ്ക്ക് ചെയ്ത നിലയിലായിരുന്നു മായം ചേർത്ത നെയ്യ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ച് സംഘം വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബുദ്ധ് വിഹാറിലും ഹരിയാനയിലെ ജിന്ദിലുമുള്ള രണ്ട് ഗോഡൗണുകളിൽ പരിശോധന നടത്തുകയായിരുന്നു. ബുദ്ധ് വിഹാറിലെ ഗാർഗിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്ന് 2,241 ലിറ്റർ നെയ്യും മുകേഷിന്റെ ഉടമസ്ഥതയിൽ ജിന്ദിലെ ഒരു യൂനിറ്റിൽനിന്ന് 410 ലിറ്ററും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ദീപാവലിക്കും വരാനിരിക്കുന്ന മറ്റ് ആഘോഷങ്ങൾക്കും മുന്നോടിയായാണ് മായം ചേർത്ത നെയ്യ് തയാറാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ശുദ്ധമായ നെയ്യിന്റെ മണവും ഘടനയും തോന്നിപ്പിക്കാൻ പ്രതികൾ ഗുണമേന്മയില്ലാത്ത വനസ്പതി നെയ്യ്, എണ്ണ, സുഗന്ധദ്രവ്യങ്ങൾ, സിന്തറ്റിക് നിറങ്ങൾ, മറ്റ് സുരക്ഷിതമല്ലാത്ത വസ്തുക്കൾ എന്നിവയാണ് കലർത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഇവ പ്രശസ്ത ബ്രാൻഡുകളുടെ കവറുകളിൽ നിറച്ച് പ്രാദേശിക വിതരണക്കാർ, ഡയറികൾ, ചില്ലറ വ്യാപാരികൾ എന്നിവർക്ക് മൊത്തവിലയ്ക്ക് വിൽക്കുകയായിരുന്നു ചെയ്തിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ നെയ്യിന്റെ നിർമ്മാണച്ചെലവ് ലിറ്ററിന് 200 രൂപയായിരുന്നു. മൊത്തക്കച്ചവടക്കാർക്ക് ലിറ്ററിന് 350 രൂപയ്ക്കായിരുന്നു വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.