ഗുജറാത്തിൽ കോൺഗ്രസിനുണ്ടായ ദയനീയ പരാജയത്തിൽ രമേശ് ചെന്നിത്തലയെ വെറുതെ വിടാതെ ട്രോളർമാർ. ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചെയർമാനായിരുന്നു ചെന്നിത്തല. ഈ സാഹചര്യത്തിലാണ് വിമർശനത്തിനിരയാകുന്നത്. 2017ൽ കോൺഗ്രസിനു 77 സീറ്റുണ്ടായിരുന്നു, എന്നാലിപ്പോൾ 17 സീറ്റായി ചുരുങ്ങി. ഇതാണ് ട്രോളിന് വിഷയമാകുന്നത്.
``കോൺഗ്രസ്സിന് 77 സീറ്റുണ്ടായിരുന്നു 2017 ൽ. ചെന്നിത്തലയ്ക്ക് ഗുജറാത്ത് ചുമതല കൊടുത്തു. 2022-ൽ കോൺഗ്രസ്സിന് 17. ദൗത്യം പൂർത്തിയായി'' എന്നിങ്ങനെ പോകുന്നു ട്രോളുകൾ...ഇതിനിടെ, ഗുജറാത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനവും നഷ്ടപ്പെടാനും സാധ്യത. ആകെ സീറ്റുകളുടെ 10 ശതമാനം പോലും ജയിക്കാൻ കഴിയാതെ വന്നതോടെയാണ് കോൺഗ്രസ് സമ്പൂർണ പ്രതിസന്ധിയിലാകുന്നത്. പുതിയ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നവരെ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിക്കും. ഇതിന്റെ മുന്നോടിയായി ബി.ജെ.പി ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും.
1985ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഗുജറാത്തിൽ ചരിത്ര വിജയം നേടിയപ്പോൾ ജനതാ പാർട്ടി ആയിരുന്നു ഈ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്ന ബി.ജെ.പി ആണിന്ന് കോൺഗ്രസിനെ സമാന അവസ്ഥയിലെത്തിച്ചത്. ഒരൊറ്റ സീറ്റിന്റെ കുറവ് ഉള്ളതിനാൽ പ്രതിപക്ഷ നേതൃ സ്ഥാനത്ത് ആര് വേണമെന്ന് ഭരണകക്ഷിക്ക് തീരുമാനിക്കാമെന്ന് മുൻ ഗുജറാത്ത് പിസിസി അധ്യക്ഷൻ അമിത് ചാവ്ഡ വ്യക്തമാക്കി. പ്രതിപക്ഷ നേതൃ സ്ഥാനത്തിന് പ്രത്യേക മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ മുൻപ് പ്രതിപക്ഷ നേതൃത്വം വഹിച്ചിരുന്ന പാർട്ടിയെ തുടരാൻ അനുവദിക്കാനും ഭരണ കക്ഷിക്ക് സാധിക്കും.
20 മുതൽ 22 എം.എൽ.എമാരെ വരെയാകും ബി.ജെ.പി നിയുക്ത മന്ത്രിസഭയുടെ ഭാഗമാക്കുക. ഇതിൽ 11 വരെ മന്ത്രിമാരും 14 വരെ സഹമന്ത്രിമാരും ഉണ്ടായേക്കുമെന്നറിയുന്നു. രമൺ ഭായ് വോറയെ ആണ് സ്പീക്കർ സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്നത്. ഹാർദിക് പട്ടേൽ, അല്പേഷ് താക്കൂർ എന്നിവരെ മന്ത്രിസഭയിൽ പരിഗണിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെതാണ് അന്തിമ തീരുമാനം. പുതിയ സഭാ കക്ഷി നേതാവിനെ കണ്ടെത്താൻ ആണ് ബി.ജെ.പി ഇന്ന് ഗുജറാത്തിൽ നിയമസഭാ കക്ഷി യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ, ``27 വർഷമായി ഭരിക്കുന്നത് കൊണ്ട് അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് കാണാൻ കഴിയുന്നത്. 27 വർഷം അധികാരത്തിൽ ഇല്ലാതിരുന്നിട്ടും കോൺഗ്രസ് സംസ്ഥാനത്ത് വളരെ ശക്തമായ സാന്നിധ്യമാണെന്നത് തന്നെ വളരെ വലിയ കാര്യമാണ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിലാണ് ഭരണം നഷ്ടമായത്. ഇത്തവണ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടി. സർക്കാർ ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. അതിന് വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ്''. ഇത്തരം അഭിപ്രായ പ്രകടനങ്ങളാണിപ്പോൾ തിരിഞ്ഞു കുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.