മുസ്‍ലിംകൾക്കെതിരെ മോദിയുടെ അടുത്ത കള്ളം: ‘ടെൻഡറുകളിൽ മുസ്‍ലിംകൾക്ക് പ്രത്യേക ക്വാട്ട നൽകുമെന്ന് കോൺഗ്രസ്’

ന്യൂഡൽഹി: പച്ചക്കള്ളങ്ങൾ അടിച്ചിറക്കി മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കുന്നത് തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ഗുജറാത്തിലെ സുരേന്ദ്രനഗറിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ​മോദി പുതിയ കള്ളം പുറത്തിറക്കിയത്.

അധികാരത്തിലെത്തിയാൽ സർക്കാർ ടെൻഡറുകൾ നൽകുന്നതിൽ മുസ്‍ലിംകൾക്ക് പ്രത്യേക ക്വാട്ട നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ ഉണ്ടെന്നാണ് പുതിയ ആരോപണം. [വിഡിയോ 30 മുതൽ 32 മിനിറ്റ് വരെ കാണുക]

“എല്ലാ കാര്യങ്ങളിലും പ്രീണനം നിറഞ്ഞതാണ് കോൺഗ്രസിൻ്റെ പ്രകടനപത്രിക. അവരുടെ പ്രകടന പത്രികയിലെ ​ഞെട്ടിക്കുന്ന ചില കാര്യങ്ങൾ നിങ്ങളോട് പറയാം. അവർ അതിൽ എഴുതി വെച്ചിരിക്കുന്നത് കേട്ടാൽ എന്റെ മാധ്യമ സുഹൃത്തുക്കളും ഞെട്ടും. സർക്കാർ ടെണ്ടറുകളിൽ ന്യൂനപക്ഷങ്ങൾക്ക്, മുസ്‍ലിംകൾക്ക് ഒരു ക്വാട്ട നിശ്ചയിക്കുമെന്ന് അവർ രേഖാമൂലം പറഞ്ഞിരിക്കുന്നു. അപ്പോൾ ഇനി മുതൽ സർക്കാർ കരാറുകൾ മതത്തിന്റെ അടിസ്ഥാനത്തിൽ നൽകുമോ? അതിനായി സംവരണം ഏർപ്പെടുത്തുമോ?’’ -എന്നായിരുന്നു മോദിയുടെ പ്രസംഗം.

യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സർക്കാർ കരാറുകൾ എപ്പോഴും നൽകേണ്ടതെന്നും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ക്വാട്ട നിശ്ചയിക്കുന്നത് തെറ്റാണെന്നും മോദി തുടർന്നു. പക്ഷേ, കോൺഗ്രസ് തങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി ഇതാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് അങ്ങനെ വാഗ്ദാനം ചെയ്തോ? വസ്തുത എന്ത്?

മോദിയുടെ ആരോപണത്തിൽ വസ്തുതയുടെ വല്ല കണികയു​മുണ്ടോ? എന്താണ് യാഥാർഥ്യം? 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടനപത്രികയിൽ സർക്കാർ ടെൻഡറുകളിൽ മുസ്‍ലിംകൾക്ക് ക്വാട്ട ഏർപ്പെടുത്താൻ നിർദേശിക്കുന്നുണ്ടോ?. ഇല്ല എന്നാണ് ഉത്തരം. ‘ദ വയർ’ സ്ഥാപക എഡിറ്ററും ‘ദ ഹിന്ദു’ മുൻ എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജൻ ഇത് സംബന്ധിച്ച തയാറാക്കിയ വിശദമായ വസ്തുതാന്വേഷണ റിപ്പോർട്ട് ‘ദ വയർ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോൺഗ്രസ് പ്രകടനപത്രികയിൽ രണ്ടിടത്താണ് പൊതുമരാമത്ത് കരാറുകളെക്കുറിച്ച് പരാമർശിക്കുന്നത്. ആദ്യത്തേത് 'സമത്വം' എന്ന തലക്കെട്ടിന് കീഴിൽ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണുള്ളത്. 'മത-ഭാഷാ ന്യൂനപക്ഷങ്ങൾ' എന്ന വിഭാഗത്തിലാണ് രണ്ടാമതായി പറയുന്നത്.

പ്രകടനപത്രികയുടെ ആറാം പേജിൽ 8ാം ഖണ്ഡികയിലാണ് ആദ്യപരാമർശം. അതിങ്ങനെ വായിക്കാം: ‘എസ്‌.സി, എസ്.ടി വിഭാഗങ്ങളിൽപ്പെട്ട കരാറുകാർക്ക് കൂടുതൽ പൊതുമരാമത്ത് കരാറുകൾ നൽകുന്ന തരത്തിൽ പൊതുസംഭരണ നയം വിപുലീകരിക്കും’

പേജ് 8, ഖണ്ഡിക 6ലാണ് രണ്ടാമത്തെ പരാമർശം: ‘‘വിദ്യാഭ്യാസം, ആരോഗ്യം, സർക്കാർ ജോലി, പൊതുമരാമത്ത് കരാറുകൾ, നൈപുണ്യ വികസനം, കായികം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ ന്യൂനപക്ഷങ്ങൾക്ക് വിവേചനമില്ലാതെ ന്യായമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും’’

എസ്‌.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ള കരാറുകാർക്ക് കൂടുതൽ പൊതുമരാമത്ത് കരാറുകൾ നൽകുമെന്ന് സംശയത്തിനിട നൽകാതെ പ്രകടന പ്രതികയിൽ പറയുമ്പോൾ ‘ന്യൂനപക്ഷങ്ങൾക്ക് പൊതുമരാമത്ത് കരാറുകളിൽ വിവേചനമില്ലാതെ ന്യായമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും’ എന്ന് മാത്രമാണ് പറയുന്നത്. ഈ പരാമർശത്തെയാണ് മോദി വള​െച്ചാടിച്ച് വർഗീയ ധ്രുവീകരണത്തിന് ഉതകുംവിധത്തിൽ ഗുജറാത്തിൽ അവതരിപ്പിച്ചത്.

മോദി ആരോപിക്കുന്നത് ​പോലെ ന്യൂനപക്ഷങ്ങൾക്കോ മുസ്‍ലിംകൾക്കോ നിശ്ചിത ക്വാട്ടയെക്കുറിച്ച് പ്രകടനപത്രികയിൽ ഒരിടത്തും പറയുന്നില്ല. ന്യൂനപക്ഷങ്ങൾക്ക് ‘വിവേചനമില്ലാതെ’ ‘ന്യായമായ വിഹിതം’ ഉറപ്പാക്കുമെന്ന് മാത്രമാണ് അത് വാഗ്ദാനം ചെയ്യുന്നത്. ‘ന്യൂനപക്ഷങ്ങൾക്ക് വിവേചനമില്ലാതെ ബാങ്ക് വായ്പ നൽകും’ എന്ന് പ്രകടനപത്രികയിലെ മറ്റൊരു ഖണ്ഡികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പരാമർശത്തെ ‘കോൺഗ്രസ് ബാങ്ക് ലോണുകൾക്ക് ക്വാട്ട ഏർപ്പെടുത്തി’ എന്ന തരത്തിൽ നാളെ മോദി ദുർവ്യാഖ്യാനിച്ചേക്കാമെന്ന് ‘ദി വയർ’ റിപ്പോർട്ടിൽ പറയുന്നു.

വിവേചനം പാടി​ല്ലെന്ന് മോദിയും ജയശങ്കറും പറഞ്ഞു

ന്യൂനപക്ഷങ്ങൾക്ക് ‘വിവേചനമില്ലാതെ ന്യായമായ വിഹിതം നൽകും’ എന്ന് പറയുന്നതിനെ ‘അവർക്ക് ഒരു ക്വാട്ട നിശ്ചയിച്ചു’ എന്ന് വ്യാഖ്യാനിക്കുന്നത് തീർത്തും തെറ്റാണ്. മുസ്‌ലിംകൾ തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം, ധനസഹായം എന്നിവയിൽ വിവേചനം നേരിടുന്നുണ്ടെന്ന വസ്തുത 2006ലെ സച്ചാർ കമ്മിറ്റിയും 2014 ഒക്ടോബറിൽ മോദി സർക്കാരിന് പ്രഫ. അമിതാഭ് കുണ്ഡു സമർപ്പിച്ച തുടർറിപ്പോർട്ടിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ തന്നെ സർക്കാർ കാര്യത്തിൽ ‘വിവേചനം പാടില്ല’ എന്നത് ഊന്നൽ നൽകി പലതവണ പറഞ്ഞിട്ടുണ്ട്. 2023 ജൂണിൽ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു: “ഇന്ത്യയിൽ, സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എല്ലാവർക്കും പ്രാപ്യമാണ്. ആ ആനുകൂല്യങ്ങൾ അർഹതയുള്ള എല്ലാവർക്കും ലഭ്യമാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളിൽ ജാതിയുടെയോ മതത്തിൻ്റെയോ പ്രായത്തിൻ്റെയോ ഏതെങ്കിലും തരത്തിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനത്തിൻ്റെയോ അടിസ്ഥാനത്തിൽ വിവേചനം ഇല്ല’.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 2023 സെപ്റ്റംബറിൽ വാഷിങ്ടണിൽ നടന്ന പരിപാടിയിൽ ഒരു പടി കൂടി കടന്ന് വിവേചനത്തെ ശക്തമായി വിമർശിച്ചു.‘ന്യായ യുക്തമായ സദ്ഭരണത്തെ തിരിച്ചറിയണമെങ്കിൽ സൗകര്യങ്ങൾ, ആനുകൂല്യങ്ങൾ, അവകാശങ്ങൾ എന്നിവയിൽ സർക്കാർ വിവേചനം കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് ​നിരീക്ഷിച്ചാൽ മതി. വീട്, ആരോഗ്യം, ഭക്ഷണം, സാമ്പത്തികം, വിദ്യാഭ്യാസ പ്രവേശനം എന്നിവയിൽ ഇന്ത്യയിൽ വിവേചനം നിലനിൽക്കുന്നതായി കാണിക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സാമ്പത്തിക, സാമൂഹിക ഇടപാടുകളിൽ ഇന്ത്യയിൽ വിവേചനം ഇല്ലെന്ന് മോദിയും ജയശങ്കറും പറയുന്നത് ശരിയാവുകയും “വിവേചനമില്ലാതെ ന്യായമായ വിഹിതം” നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത് വർഗീയപ്രീണനം ആകുകയും ചെയ്യുന്നത് ചെയ്യുന്നത് എങ്ങിനെയാണ്? മോദിയും ജയശങ്കറും പറയുമ്പോഴുമൊന്നുമില്ലാത്ത വർഗീയത ഇപ്പോൾ കത്തിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു​കൊണ്ടാണെന്ന് വ്യക്തം. 

Tags:    
News Summary - Fact Check: Modi Falsely Claims Congress Manifesto Promises 'Quota for Muslims in Govt Tenders'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.