ന്യൂഡൽഹി: പാകിസ്താനിലേയും പാക്കധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സേന നടത്തിയ തിരിച്ചടിക്ക് മറുപടിയായി ഇന്ത്യൻ ബ്രിഗേഡ് ആസ്ഥാനം പാകിസ്താൻ ആക്രമിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം. ദൃശ്യങ്ങളടങ്ങിയ പോസ്റ്റുകൾ ഏറെയും എക്സിലാണ് പ്രചരിക്കുന്നത്. ഹിന്ദുസ്താനെ പാഠംപഠിപ്പിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ബി.ജെ.പിയേയും ആർ.എസ്.എസിനേയും വിമർശിക്കുന്നുമുണ്ട്.
എന്നാൽ ഈ പോസ്റ്റുകളിലെ അവകാശവാദങ്ങൾ തികച്ചും വ്യാജമാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി) ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. കൃത്യമായ വിവരങ്ങൾ സർക്കാർ വൃത്തങ്ങൾ നൽകുമെന്നും പി.ഐ.ബി ഫാക്ട് ചെക്ക് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഇന്ത്യക്കുനേരെ പാകിസ്താൻ മിസൈൽ ആക്രമണം നടത്തിയെന്നും വ്യാജ പ്രചാരണമുണ്ട്.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സേകൾ സംയുക്തമായി തിരിച്ചടിച്ചത്. ബുധനാഴ്ച പുലർച്ചെ 1.44ന് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ നടന്ന സൈനിക ദൗത്യത്തിൽ 12 ഭീകരർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. വിശദാംശങ്ങൾ ഇന്ന് നടക്കുന്ന പത്രസമ്മേളനത്തിൽ സേന വെളിപ്പെടുത്തും.
കശ്മീരിൽ ആക്രമണം നടത്താനായി ആസൂത്രണം നടത്തിയ ഭീകരകേന്ദ്രങ്ങളാണ് സേന തകർത്തത്. പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപുരിലെ ജയ്ശെ മുഹമ്മദ് കേന്ദ്രം, മുരിദ്കെയിലെ ലശ്കറെ ത്വയ്യിബ കേന്ദ്രം എന്നിവ ഇന്ത്യൻ സേനയുടെ സർജിക്കൽ സ്ട്രൈക്കിൽ തകർത്തു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.