കൊടും ചൂട്: പാറ്റ്നയിൽ അംഗനവാടി മുതൽ അഞ്ച് വരയെുള്ള ക്ലാസുകളുടെ പ്രവർത്തനസമയം കുറച്ചു

പാറ്റ്ന: ബിഹാറിൽ ചൂട് കനത്ത സാഹചര്യത്തിൽ പാറ്റ്ന ജില്ലയിലെ അംഗനവാടി മുതൽ അഞ്ച് വരെയുള്ള ക്ലാസുകളുടെ പ്രവർത്തനസമയം കുറച്ചു. പാറ്റ്ന ജില്ലാ മജിസ്‌ട്രേറ്റ് ത്യാഗരാജൻ എസ്.എം ആണ് പ്രവർത്തനസമയം കുറച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കഠിനമായ ഉഷ്ണതരംഗം കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ഉത്തരവ് പ്രകാരം ഉച്ചയ്ക്ക് 12:30ന് ശേഷം ക്ലാസുകൾ നടത്താൻ പാടുള്ളതല്ല. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർഥികൾക്ക് നിലവിലെ സമയക്രമം അനുസരിച്ച് ക്ലാസുകൾ തുടരും. 2026 ഏപ്രിൽ 21 മുതൽ ഏപ്രിൽ 25 വരെ സമയക്രമത്തിലെ മാറ്റം ജില്ലയിലുടനീളം പ്രാബല്യത്തിലുണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാറ്റ്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ 22 നും 24 നും ഇടയിൽ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

പാറ്റ്ന, ഗയ, നളന്ദ, ഭോജ്പൂർ ഉൾപ്പെടെയുള്ള തെക്കൻ ബിഹാറിലെ ജില്ലകളിലും ചമ്പാരൻ, ഗോപാൽഗഞ്ച്, മുസാഫർപൂർ തുടങ്ങിയ വടക്കൻ ജില്ലകളിലും ചൂട് കടുക്കും. 40° മുതൽ 42°സെൽഷ‍്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം മൂലം അത്കഠിനമായ ചൂട് അനുഭവപ്പെടുമെന്നാണ് നിഗമനം. അതേ സമയം ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ നിർദേശിച്ചു. ധാരാളം വെള്ളം കുടിക്കാനും, കനം കുറഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. പ്രായമായവർ, കുട്ടികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Extreme Heat: School Timings Reduced for Classes Nursery to 5 in Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.