'പുൽവാമ ആക്രമണത്തിനുള്ള സ്ഫോടകവസ്തുക്കൾ എത്തിച്ചത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി' -എഫ്.എ.ടി.എഫ്

ന്യൂഡൽഹി: ഇ-കൊമേഴസ് പ്ലാറ്റ്ഫോമുകളും ഓൺലൈൻ പേയ്മെന്‍റുകളും ഭീകരവാദ സംഘടനകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് എഫ്.എ.ടി.എഫ് റിപ്പോർട്ട്. 2019 ലെ പുൽവാമ ആക്രമണവും 2022 ലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണവും ചൂണ്ടിക്കാട്ടിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ്.എ.ടി.എഫ്) റിപ്പോർട്ട്. ഈ ആക്രമണങ്ങളിലേക്കുള്ള സ്ഫോടക വസ്തുക്കൾ എത്തിച്ചത് ഇ-കൊമേഴസ് പ്ലാറ്റ്ഫോമുകൾ വഴിയെന്നാണ് കണ്ടെത്തൽ.

തീവ്രവാദ സ്ഥാപനങ്ങൾ ഫണ്ട് സ്വരൂപിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളും സാമ്പത്തിക സാങ്കേതികവിദ്യകളും അമിതമായി ഉപയോഗിക്കുന്നുണ്ട്. എഫ്.എ.ടി.എഫിന്‍റെ തീവ്രവാദ ധനസഹായ അപകടസാധ്യതകളെക്കുറിച്ചുള്ള ഏറ്റവും പുതിയ ആഗോള റിപ്പോർട്ടിലാണ് ഇവ സൂചിപ്പിക്കുന്നത്.

2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കളുടെ (ഐ.ഇ.ഡി) സ്‌ഫോടനാത്മക ശക്തി വർധിപ്പിക്കാൻ ഉപയോഗിച്ച പ്രധാന ഘടകമായ അലുമിനിയം പൗഡർ ലഭിച്ചത് ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന നടത്തിയ പുല്‍വാമ ആക്രമണത്തില്‍ 40 സി.ആർ.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം ഏഴ് വിദേശ പൗരന്മാരുള്‍പ്പെടെ 19 പേരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍, ഒളിത്താവളങ്ങള്‍ എന്നിവ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ സുരക്ഷാസേനക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എൽ) പ്രവർത്തകർക്കായി പേപാൽ വഴി ഏകദേശം 6.7 ലക്ഷം രൂപ കൈമാറിയിരുന്നു. പ്രതി തന്‍റെ ലൊക്കേഷൻ മറക്കുന്നതിനായി ഒന്നിലധികം വി.പി.എൻ ഉപയോഗിക്കുകയും 44 അന്താരാഷ്ട്ര ഇടപാടുകൾ നടത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ഇടപാടിൽ സംശയം തോന്നിയതോടെ പേപാൽ പ്രതിയുടെ അക്കൗണ്ട് മരവിപ്പിച്ചു.

സാമ്പത്തിക ഇടപാടുകള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലുണ്ടായ വളര്‍ച്ച ഭീകരസംഘടനകള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നതായും എഫ്.എ.ടി.എഫ് പറയുന്നു. സ്‌ഫോടകവസ്തുക്കളുടെ നിര്‍മാണത്തിനുള്ള രാസവസ്തുക്കളും മറ്റും വാങ്ങുന്നത് ഓണ്‍ലൈന്‍ വഴിയാണെന്ന് എഫ്.എ.ടി.എഫ് പറയുന്നു. ജനപ്രിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരം സംഘടനകള്‍ ധനസഹായം അഭ്യര്‍ഥിക്കുന്നതെന്നും എഫ്.എ.ടി.എഫ് റിപ്പോര്‍ട്ടില്‍ സൂചിപ്പിരിക്കുന്നു. വ്യാജപേരുകളും വ്യാജ അക്കൗണ്ടുകളും ഉപയോഗപ്പെടുത്തുന്നത് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം പ്രയാസമേറിയതാക്കുന്നതായും എഫ്.എ.ടി.എഫ് പറയുന്നു. ലോകമെമ്പാടുമുള്ള കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ധനസഹായവും നിരീക്ഷിക്കുന്ന സ്ഥാപനമാണ് എഫ്‌.എ‌.ടി.‌എഫ്.

Tags:    
News Summary - Explosive for Pulwama attack bought via e-commerce platform FATF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.