‘സിനിമ നിർമാതാക്കൾ നാലു കോടി തട്ടിയെടുത്തു, വാഗ്ദാനം ചെയ്ത വേഷം തന്നില്ല’; പരാതിയുമായി മുൻ കേന്ദ്രമന്ത്രിയുടെ മകൾ

ഡെറാഡൂൺ: നിർമാതാക്കളായ ദമ്പതികൾ നാലു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മുൻ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്കിന്‍റെ മകൾ ആരുഷി നിഷാങ്ക്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിർമാതാക്കളായ മാൻസിയും വരുൺ ബഗ്‌ലയും വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആരുഷി പരാതി നൽകിയത്. നിർതാക്കൾക്കെതിരെ വഞ്ചന, മാനസിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

വിക്രാന്ത് മസിയും ഷനയ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന 'ആൻഖോൻ കി ഗുസ്തഖിയാൻ' എന്ന സിനിമക്ക് വേണ്ടിയാണ് നടിയും നിർമാതാവുമായ ആരുഷി നാലു കോടി നൽകിയത്. കൂടാതെ, സിനിമയിൽ ഒരു പ്രധാന വേഷം നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു.

സിനിമയിൽ അഞ്ച് കോടി രൂപ നിക്ഷേപിക്കാനാണ് നിർമാതാക്കൾ ആവശ്യപ്പെട്ടത്. പ്രധാന വേഷം മാത്രമല്ല, ലാഭവിഹിതത്തിന്‍റെ 20 ശതമാനവും നൽകാമെന്ന് പറഞ്ഞു. വേഷത്തിൽ അതൃപ്തിയുണ്ടെങ്കിൽ 15 ശതമാനം പലിശ സഹിതം പണം തിരികെ നൽകാമെന്നും നിർമാതാക്കൾ ഉറപ്പുനൽകി.

ഇതേതുടർന്ന് 2024 ഒക്ടോബർ ഒമ്പതിന് ധാരണാപത്രം ഒപ്പുവച്ചു. അടുത്ത ദിവസം ആരുഷിയിൽ നിന്ന് രണ്ടു കോടി നിർമാതാക്കൾ കൈപ്പറ്റി. തുടർന്നുള്ള ആഴ്‌ചകളിൽ കൂടുതൽ പണം ആവശ്യപ്പെട്ട് സമ്മർദം ചെലുത്തി.

ഇതിന് പിന്നാലെ ഒക്ടോബർ 27, 30, നവംബർ 19 തീയതികളിലായി മൊത്തം നാലു കോടി രൂപ നൽകി. തിരക്കഥക്ക് അന്തിമരൂപം നൽകാതിരുന്ന നിർമാതാക്കൾ, പിന്നീട് സിനിമയിൽ നിന്ന് ആരുഷിയെ ഒഴിവാക്കി. ഇതേതുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെന്നും എന്നാൽ നൽകിയില്ലെന്നും ആരുഷി പരാതിയിൽ പറയുന്നു.

Tags:    
News Summary - Ex-Union Minister's daughter accuses film producers of duping her of Rs 4 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.