മൂന്നുതവണ എം.എൽ.എയായ മുൻ ബി.ആർ.എസ് നേതാവ് ജർമൻ പൗരനെന്ന് വിധിച്ച് തെലങ്കാന ഹൈകോടതി; 30 ലക്ഷം രൂപ പിഴയും ചുമത്തി

ഹൈദരാബാദ്: ബി.ആർ.എസ് മുൻ നേതാവും മുൻ എം.എൽ.എയുമായ ചെന്നമനേനി രമേശ് ജർമൻ പൗരത്വമുള്ളയാളെന്നും വ്യാജരേഖകൾ ചമച്ച് ഇന്ത്യൻ പൗരനായി കാണിക്കുകയായിരുന്നുവെന്നും തെലങ്കാന ഹൈ​കോടതി. രമേശിനെതിരെ ​കോൺഗ്രസിലെ ആദി ശ്രീനിവാസ് നൽകിയ ഹരജി പരിഗണിച്ചായിരുന്നു കോടതി വിധി.

ജർമൻ എംബസിയിൽ നിന്ന് താൻ ആ രാജ്യത്തെ പൗരനല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ നൽകുന്നതിൽ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്രിമത്വം കാണിച്ചതിന് ശ്രീനിവാസിന് കോടതി 30 ലക്ഷം രൂപ പിഴയും ചുമത്തി. അതിൽ 25 ലക്ഷം രൂപ എതിരാളിയായി മത്സരിച്ച ശ്രീനിവാസിന് നൽകണം.

ഇന്ത്യൻ പൗരത്വമില്ലാത്തവർതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നാണ് ചട്ടം. രമേശ് നേരത്തെ നാല് തവണ വെമുലവാഡ സീറ്റിൽ നിന്ന് വിജയിച്ചിരുന്നു.

2023 വരെ കാലാവധിയുള്ള ജർമൻ പാസ്​പോർട്ട് രമേശിന്റെ കൈവശമുണ്ടെന്ന് 2020ൽ കേന്ദ്രം തെലങ്കാന ഹൈകോടതിയെ അറിയിച്ചിരുന്നു. അപേക്ഷയിൽ കൃത്രിമത്വം കാണിച്ചതിന് രമേശിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഉത്തരവിട്ടിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ രമേശ് എതിർ ഹരജി നൽകുകയായിരുന്നു.

തുടർന്ന് ജർമൻ പാസ്‌പോർട്ട് സറണ്ടർ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ജർമൻ പൗരത്വം ഉപേക്ഷിച്ചതിന്റെ തെളിവും വെളിപ്പെടുത്തി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

ഇതേ കാരണത്താൽ 2013ൽ അന്നത്തെ അവിഭക്ത ആന്ധ്രപ്രദേശ് ഉപതെരഞ്ഞെടുപ്പ് വിജയവും ഹൈകോടതി റദ്ദാക്കിയിരുന്നു. പിന്നീട് രമേശ് സുപ്രീംകോടതിയെ സമീപിച്ച് ഇതിൽ സ്റ്റേ ഓർഡർ സമ്പാദിക്കുകയായിരുന്നു.

2009 ൽ ആന്ധ്രപ്രദേശ് നിയമസഭയിൽ തെലുഗുദേശം പാർട്ടിയെ പ്രതിനിധീകരിച്ച് വെമുലവാഡ നിയോജകമണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രമേശ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2010ൽ തെലങ്കാന രാഷ്ട്ര സമിതിയിൽ ചേർന്ന അദ്ദേഹം 2010ലെ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2014 ലും 2018 ലും തെലങ്കാന നിയമസഭയിലേക്ക് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഹൈക്കോടതിയിൽ പൗരത്വ കേസ് കെട്ടിക്കിടക്കുന്നതിനാൽ 2023 ലെ തിരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് അന്നത്തെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അദ്ദേഹത്തെ 2023 ആഗസ്റ്റ് 25ന് കാബിനറ്റ് റാങ്കോടെ കാർഷിക കാര്യങ്ങളിൽ സർക്കാരിന്റെ ഉപദേശകനായി അഞ്ച് വർഷത്തേക്ക് നിയമിക്കുകയുംചെയ്തു.

തൊണ്ണൂറുകളിൽ ജോലിക്കായി രമേശ് ജർമ്മനിയിലേക്ക് പോയി. 1993ൽ ജർമൻ പൗരത്വം നേടിയ അദ്ദേഹം ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്തു. 2008ൽ ഇന്ത്യയിലേക്ക് മടങ്ങിയതോടെ വീണ്ടും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്തു.

Tags:    
News Summary - Ex MLA from KCR's Party was German citizen says Telangana High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.