ഓൺലൈൻ തട്ടിപ്പ്; ബഹുരാഷ്ട്ര കമ്പനിയുടെ റിട്ട. എം.ഡിക്ക് നഷ്ടമായത് 4.8 കോടി

മുംബൈ: ബഹുരാഷ്ട്ര കമ്പനിയുടെ റിട്ട. എം.ഡിക്ക് ഓൺലൈൻ തട്ടിപ്പിൽ നഷ്ടം 4.8 കോടി രൂപ. മഹാരാഷ്ട്രയിലെ താനെ പൊലീസിലാണ് 67കാരനായ റിട്ട. എം.ഡി പരാതി നൽകിയത്. മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

കേന്ദ്ര സർക്കാർ ഏജൻസികളെന്ന വ്യാജേന തട്ടിപ്പുകാർ 67കാരനെ വിളിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പേരിൽ തായ്‍വാനിലേക്ക് അയച്ച പാഴ്സലിൽ നിന്ന് എം.ഡി.എം.എ ഉൾപ്പെടെ മയക്കുമരുന്നും പാസ്പോർട്ടുകളും കാർഡുകളും പിടികൂടിയിട്ടുണ്ടെന്നായിരുന്നു ഇവർ അറിയിച്ചത്. എന്നാൽ, 67കാരൻ ഇക്കാര്യങ്ങൾ നിഷേധിച്ചു.

എന്നാൽ, ഇയാളുടെ ആധാർ നമ്പർ, വിലാസം തുടങ്ങിയ എല്ലാ വ്യക്തിവിവരങ്ങളും തങ്ങളുടെ കൈയിൽ ഉണ്ടെന്നും ഏത് നിമിഷവും അറസ്റ്റ് ഉണ്ടാവുമെന്നും തട്ടിപ്പുകാർ ഇയാളെ വിശ്വസിപ്പിച്ചു. പിന്നീട് പ്രതികൾ വിഡിയോ കോളിങ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇയാളോട് നിർദേശിച്ചു. ഇങ്ങനെ ഡൗൺലോഡ് ചെയ്ത ആപ്പ് വഴി തട്ടിപ്പുകാർ വിഡിയോ കോൾ ചെയ്തു. അന്വേഷണ ഏജൻസികളാണെന്ന വ്യാജേന യൂനിഫോമും ഔദ്യോഗിക അടയാളങ്ങളുമൊക്കെ ധരിച്ചാണ് തട്ടിപ്പുകാർ സംസാരിച്ചത്. 67കാരനെ കേസിൽ നിന്ന് രക്ഷിക്കാമെന്ന് ഇവർ ഉറപ്പുനൽകുകയും ചെയ്തു.

അന്വേഷണത്തിന് വേണ്ടിയെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മുതലായ നിരവധി വ്യക്തിവിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കി. ഇദ്ദേഹത്തിന്‍റെ പല ഇടപാടുകളുടെയും വിവരങ്ങൾ കൈക്കലാക്കി.

ഇദ്ദേഹത്തിന്‍റെ ഇടപാടുകൾ പലതും അനധികൃതമാണെന്നും റിസർവ് ബാങ്ക് വരെ ഇടപെടാൻ സാധ്യതയുണ്ടെന്നും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി. തുടർന്ന്, കേസിൽ നിന്ന് രക്ഷിക്കാൻ ഒരു കോടി രൂപ മറ്റൊരു അക്കൗണ്ടിേലക്ക് ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ചു. 67കാരൻ അതുപോലെ ചെയ്തു.

ഇതിന് ശേഷം, ഇംഗ്ലണ്ടിലുള്ള തന്‍റെ മകനെ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന കാര്യം തിരിച്ചറിഞ്ഞത്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 4.8 കോടി രൂപ നഷ്ടമായതായി കണ്ടെത്തി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Tags:    
News Summary - Ex-MD Of Multinational Firm Cheated Of Rs 4.8 Crore By Online Fraudsters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.