മഹാദേവ് ബുക്ക് ഓൺലൈൻ ആപ്പ് കേസിൽ ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഇ.ഡി കേസെടുത്തു. വിശ്വാസലംഘനം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയതായി ഇ.ഡി നേരത്തെ അവകാശപ്പെട്ടിരുന്നു.
മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ മാർച്ച് എട്ടിന് രണ്ടുപേരെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. കേസിൽ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
2022 ജൂലൈയിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് കീഴിൽ മഹാദേവ് ബുക്ക് ഓൺലൈൻ വാതുവെപ്പ് ആപ്പിനെക്കുറിച്ച് ഇ.ഡി അന്വേഷണം തുടങ്ങിയത്. കേസിൽ ഇതുവരെ ഒമ്പത് പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ഒന്നിലധികം റെയ്ഡുകൾ നടത്തുകയും ചെയ്തു.
ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായും പണമിടപാട് രീതിയുമായുള്ള ബന്ധത്തിൽ നിരവധി സെലിബ്രിറ്റികളെയും ബോളിവുഡ് അഭിനേതാക്കളെയും ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. യു.എ.ഇയിലെ ഹെഡ് ഓഫിസിൽ നിന്നാണ് മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പ് പ്രവർത്തിക്കുന്നതെന്ന് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.