ബി.ജെ.പി നേതാവിന്റെ രണ്ടാംകെട്ട് വിവാദത്തിൽ; വിവാഹിതനായത് ആദ്യഭാര്യയെ വിവാഹമോചനം ചെയ്യാതെ; സംഭവം ഏകസിവിൽകോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡിൽ

ന്യൂഡൽഹി: ബഹുഭാര്യത്വം നിരോധിക്കുന്ന ഏക സിവിൽകോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡിൽ ബി.ജെ.പി നേതാവിന്റെ രണ്ടാംവിവാഹം വിവാദത്തിൽ. ആദ്യഭാര്യയെ വിവാഹമോചനം ചെയ്യാതെയാണ് ബി.ജെ.പി നേതാവും മുൻ എംഎൽഎയുമായ സുരേഷ് റാത്തോഡ് വീണ്ടും വിവാഹം കഴിച്ചത്.

2022 വരെ ജ്വാലപൂർ എം.എൽ.എയായിരുന്ന റാത്തോഡ്, കഴിഞ്ഞ ആഴ്ചയാണ് നടി ഊർമിള സനവാറിനെ വിവാഹം കഴിച്ചകാര്യം വാർത്താസമ്മേളനം നടത്തി അറിയിച്ചത്. ഭാര്യ രവീന്ദ്ര കൗറിനെ നിയമപരമായി വിവാഹമോചനം ചെയ്യാതെയാണ് പുതിയ വിവാഹം. ഏറെക്കാലമായി ഊർമിള സനവാറുമായി ഇയാൾ അടുത്തബന്ധം പുലർത്തിയിരുന്നു.

പ്രതിഷേധം ശക്തമായതോടെ മുഖംരക്ഷിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം റാത്തോഡിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടിയുടെ സാമൂഹികവും ധാർമ്മികവുമായ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങൾ നടത്തിയെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്ര ബിഷ്ട് നൽകിയ കത്തിലെ ആരോപണം. റാത്തോഡിന്റെ പ്രസ്താവനകളും പെരുമാറ്റവും പാർട്ടിയെ പലതവണ നാണക്കേടിലാക്കിയതായി കത്തിൽ പറയുന്നു. "മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമുള്ള നിങ്ങളുടെ മാന്യമല്ലാത്ത പെരുമാറ്റം പലതവണ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പ്രസ്താവനകളും പെരുമാറ്റവും പാർട്ടിയുടെ സാമൂഹികവും ധാർമ്മികവുമായ പ്രതിച്ഛായ തകർക്കുന്നു. നിങ്ങളുടെ പ്രവർത്തനം അച്ചടക്കരാഹിത്യത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് വ്യക്തമാണ്’ - നോട്ടീസിൽ പറയുന്നു. ഏഴ് ദിവസത്തിനുള്ളിൽ രേഖാമൂലം വിശദീകരണം സമർപ്പിക്കാൻ റാത്തോഡിനോട് ആവശ്യപ്പെട്ടു.

“ചില പ്രശ്നങ്ങൾ കാരണം ഞങ്ങളുടെ ബന്ധം മറച്ചുവെക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, ഇപ്പോൾ ഞാൻ ഊർമിളയെ എന്റെ ഭാര്യയായി സ്വീകരിച്ചു, അത് ഞാൻ പരസ്യപ്രഖ്യാപനം നടത്തുകയാണ്” -റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു. ബഹുഭാര്യത്വം നിരോധിച്ച് കൊണ്ട് ഈ വർഷം ആദ്യം ഏകസിവിൽകോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. തിരഞ്ഞെടുപ്പിൽ ഏകസിവിൽകോഡ് ആയുധമാക്കിയ ബി.ജെ.പി സ്വന്തക്കാർക്ക് സംരക്ഷണം നൽകുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. “ഏക സിവിൽകോഡ് രാഷ്ട്രീയ എതിരാളികൾക്ക് മാത്രമാണോ?” കോൺഗ്രസ് വക്താവ് ഗരിമ മെഹ്‌റ ദസൗനി ചോദിച്ചു. “ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ബിജെപി രാജ്യമെമ്പാടും കാഹളം മുഴക്കി, എന്നാൽ അവരുടെ സ്വന്തം നേതാവ് അതിന്റെ പ്രധാന വ്യവസ്ഥകൾ പരസ്യമായി ലംഘിക്കുമ്പോൾ, സർക്കാർ മൗനം പാലിക്കുന്നു” -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ex-BJP MLA’s ‘second marriage’ puts Uttarakhand BJP on back foot, Congress calls out UCC hypocrisy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.